ഗുജറാത്തിലെ മുൻ ബിജെപി മന്ത്രി കോൺഗ്രസിൽ
Tuesday, November 29, 2022 12:56 AM IST
അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ഗുജറാത്തിൽ ബിജെപിക്കു തിരിച്ചടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന മുൻ മന്ത്രി ജയ്നാരായൺ വ്യാസ് കോൺഗ്രസിൽ ചേർന്നു.
ഗുജറാത്തിലെ മോദി മന്ത്രിസഭയിൽ അംഗമായിരുന്ന ജയ്നാരൺ വ്യാസ് അന്ന് സർക്കാരിനെ ന്യായീകരിക്കാനായി ടെലിവിഷൻ ചർച്ചകളിൽ പങ്കെടുത്ത് ഏറെ ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ അഞ്ചാംതീയതിയാണ് ബിജെപി വിട്ടത്.
മൂന്നു ദശാബ്ദമായി തുടരുന്ന സംഘപരിവാർ ബന്ധം പൂർണമായി ഉപേക്ഷിക്കുകയാണെന്നു പറഞ്ഞ അദ്ദേഹം മകൻ സമീർ വ്യാസും കോൺഗ്രസിൽ ചേർന്നുവെന്ന് പറഞ്ഞു. എഴുപത്തിയഞ്ചുകാരനായ വ്യാസനെ കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസിലേക്കു സ്വാഗതം ചെയ്തു. ചടങ്ങിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടും സന്നിഹിതനായിരുന്നു.
ഗുജറാത്തിൽ മോദി, കേശുഭായ് പട്ടേൽ എന്നിവരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ശ്രദ്ധേയ അംഗമായിരുന്നു ജയ്നാരായൺ വ്യാസ്. 2007-2012ൽ ആരോഗ്യ, കുടുംബക്ഷേമ മന്ത്രിയായിരുന്നു.
1998ലും 2007ലും സിദ്പുരിൽനിന്നാണു വ്യാസ് വിജയിച്ചത്. തുടർന്ന് മൂന്നു തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുകയും ചെയ്തു. നാരായൺ വ്യാസിനെ 2002ലും 2012ലും പരാജയപ്പെടുത്തിയ കോണ്ഗ്രസ് നേതാവ് ബൽവന്ത്സിംഗ് രാജ്പുത് ഇതിനിടെ ബിജെപിയിലേക്കു കളംമാറുകയും ചെയ്തു.
ബോംബെ ഐഐടി ബിരുദധാരിയായ നാരായൺ വ്യാസ് സാന്പത്തിക ധനകാര്യമേഖലകളിൽ ശ്രദ്ധേയനാണ്. സർദാർ സരോവർ നർമദ ലിമിറ്റഡിന്റെ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.