ഗുജറാത്തിൽ ആദ്യഘട്ടം തെരഞ്ഞെടുപ്പിന്റെ പ്രചാരണം സമാപിച്ചു
Wednesday, November 30, 2022 12:47 AM IST
അഹമ്മദാബാദ്: ഗുജറാത്തിൽ ആദ്യ ഘട്ടം തെരഞ്ഞെടുപ്പിന്റെ പ്രചാരണം സമാപിച്ചു. ഡിസംബർ ഒന്നിന് 89 സീറ്റിലേക്കാണ് ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. 19 ജില്ലകളിലാണ് ഈ മണ്ഡലങ്ങൾ. 788 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.
ഗുജറാത്തിൽ മുൻകാലങ്ങളിൽ ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരാട്ടമായിരുന്നു. എന്നാൽ, ഇത്തവണ സ്വാധീനമുറപ്പിക്കാൻ ആം ആദ്മി പാർട്ടിയും ശക്തമായി രംഗത്തുണ്ട്.
എഎപിയുടെ മുഖ്യമന്ത്രിസ്ഥാനാർഥി ഇസുദാൻ ഗാധ്വി(ഖംഭാലിയ മണ്ഡലം), മുൻ മന്ത്രി പർഷോത്തം ബാവലിയ, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ, എഎപി ഗുജറാത്ത് ഘടകം പ്രസിഡന്റ് ഗോപാൽ ഇതാലിയ, കുൻവർജി ബാവലിയ തുടങ്ങിയവരാണ് ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.
ബിജെപിയുടെ പ്രചാരണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു നേതൃത്വം നല്കിയത്.