കുട്ടികളുടെ അശ്ലീല വീഡിയോകൾ: നടപടിയെടുക്കാൻ വിദഗ്ധ സമിതിക്ക് സുപ്രീംകോടതി നിർദേശം
Thursday, December 1, 2022 1:11 AM IST
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല വീഡിയോകളും ബലാത്സംഗ വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതു തടയാൻ നടപടികൾ സ്വീകരിക്കുന്നതിന് വീണ്ടും യോഗം ചേരാൻ വിദഗ്ധ സമിതിക്ക് സുപ്രീംകോടതി നിർദേശം നൽകി.
പ്രശ്നം പരിഹരിക്കുന്നതിനായി കോടതി രൂപവത്കരിച്ച വിദഗ്ധ സമിതിയുടെ ശിപാർശകൾ കേന്ദ്രം തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെങ്കിലും അതു നടപ്പിലാക്കുന്നതിൽ കാലാതാമസമെടുക്കുന്ന പശ്ചാത്തലത്തിലാണ് വീണ്ടും യോഗം ചേരാൻ ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്. സമിതി ആറാഴ്ചയ്ക്കുള്ളിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണം. കേസ് എട്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും.