ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ഥികളായി
Sunday, January 29, 2023 12:40 AM IST
ന്യൂഡൽഹി: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസും ബിജെപിയും. ഇടതുമുന്നണിയുമായുള്ള ധാരണ പ്രകാരം 13 സീറ്റുകളിൽ മത്സരിക്കുന്നതിന് അവസരം ലഭിച്ച കോണ്‍ഗ്രസ് 17 അംഗങ്ങളുടെ സ്ഥാനാർഥി പട്ടികയാണ് ഇന്നലെ പുറത്തുവിട്ടത്. സ്ഥാനാർഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ 40 താരപ്രചാരകരുടെ പട്ടികയും എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് പങ്കുവെച്ചു.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അധീർ രഞ്ജൻ ചൗധരി, മുകുൾ വാസ്നിക് എന്നിവർ താരപ്രചാരകരുടെ പട്ടികയിലുണ്ട്. അതേസമയം 60 അംഗ നിയമസഭയിലേക്കുള്ള 48 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക ബിജെപി ഇന്നലെ പുറത്തിറക്കി. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് ഉൾപ്പെടെയുള്ളവർ ബിജെപിയുടെ സ്ഥാനാർഥി പട്ടികയിലുണ്ട്.
ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ ബോർഡോവാലിയിൽ മത്സരിക്കും. മാണിക് സാഹയ്ക്ക് എതിരെ ബോർഡോവാലിയിൽ മുൻ ബിജെപി എംഎൽഎ ആശിഷ് കുമാർ സാഹയാണ് കോണ്‍ഗ്രസ് സ്ഥാനാർഥി. പ്രതിമ ഭൗമിക് ദൻപൂരിൽ നിന്നാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഏക സിറ്റിംഗ് എംഎൽഎ സുദീപ് റോയ് ബർമൻ അഗർത്തലയിൽ മത്സരിക്കും.
കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന സിപിഎം എംഎൽഎ മൊബഷർ അലി സിറ്റിംഗ് സീറ്റായ കൈലാഷ്ഷഹറിൽ മത്സരിക്കും. ശേഷിക്കുന്ന 12 സ്ഥാനാർഥികളുടെ പേരുകൾ പിന്നീട് അറിയിക്കുമെന്ന് ബിജെപി വ്യക്തമാക്കി. ത്രിപുരയിൽ ഫെബ്രുവരി 16നാണ് നിയമസഭ തെരഞ്ഞെടുപ്പ്. ഭരണകക്ഷിയായ ബിജെപിയെ നേരിടുന്നതിന് സിപിഎമ്മും കോണ്‍ഗ്രസും തമ്മിൽ ധാരണയിൽ എത്തിയിരുന്നു. നീണ്ട 25 വർഷത്തെ ഇടതുഭരണത്തിന് പിന്നാലെ 2018ലാണ് ത്രിപുരയിൽ ബിജെപി അധികാരത്തിൽ എത്തുന്നത്.