മംഗളുരു സ്ഫോടനക്കേസ്: മുഹമ്മദ് ഷാരീഖ് എൻഐഎ കസ്റ്റഡിയിൽ
Monday, January 30, 2023 3:45 AM IST
ബംഗളുരു: മംഗളുരൂവിൽ ഓടുന്ന ഓട്ടോറിക്ഷയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലെ പ്രതി മുഹമ്മദ് ഷാരിഖിനെ ദേശീയ അന്വേഷണസംഘം (എൻഐഎ) കസ്റ്റഡിയിലെടുത്തു.
സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് ഷാരിഖ് സുഖംപ്രാപിച്ചതിനെത്തുടർന്ന് ചോദ്യംചെയ്യാനാണ് എൻഐഎയുടെ നടപടി. കഴിഞ്ഞവർഷം നവംബർ 19 നായിരുന്നു സ്ഫോടനം. ബംഗളുരുവിലെ വിക്ടോറിയ ആശുപത്രിയിലായിരുന്നു ഷാരിഖ് അവസാനമായി ചികിത്സ തേടിയത്.
ശിവമോഗയിലെ തീർഥഹള്ളി സ്വദേശിയായ മുഹമ്മദ് ഷാരിഖ് ഐഎസ് ആശയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കേസ് എൻഐഎ ഏറ്റെടുത്തത്. ഭീകരപ്രവർത്തനത്തിനായി മുഹമ്മദ് ഷാരിഖും സംഘവും ശ്രമിച്ചുവെന്ന് കണ്ടെത്തിയ എൻഐഎ ഇവർ തുംഗ നദിക്കരയിൽ പരീക്ഷണ സ്ഫോടനം നടത്തിയതിൻെ തെളിവുകളും ശേഖരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏതാനുംപേരെ എൻഐഎ നേരത്തെ അറസ്റ്റ്ചെയ്തിരുന്നു.