മുതിർന്ന അഭിഭാഷകൻ ശാന്തിഭൂഷൺ അന്തരിച്ചു
Wednesday, February 1, 2023 12:59 AM IST
ന്യൂഡൽഹി: രാജ്യത്തെ അതിപ്രഗല്ഭ അഭിഭാഷകരിലൊരാളും മുൻ കേന്ദ്രമന്ത്രിയുമായ ശാന്തിഭൂഷൺ (97) അന്തരിച്ചു. ഡൽഹിയിലെ വസതിയിൽ ഇന്നലെ വൈകുന്നേരം ഏഴോടെയാണ് അന്ത്യം. അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തിലെത്തിയ മൊറാർജി ദേശായി സർക്കാരിൽ നിയമന്ത്രിയായിരുന്നു.
പ്രധാനമന്ത്രി ഇന്ധിരാ ഗാന്ധിയുടെ രാജിയിലേക്കു നയിച്ച 1974ലെ തെരഞ്ഞെടുപ്പു കേസിൽ രാജ്നാരായണിനുവേണ്ടി അലാഹാബാദ് ഹൈക്കോടതിയിൽ ഹാജരായി. ഒട്ടേറെ പൊതുതാത്പര്യഹർജികൾ സുപ്രീംകോടതി മുന്പാകെ എത്തിച്ച സന്നദ്ധസംഘടനയായ സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ സ്ഥാപകനാണ്. നീതിന്യായ മേഖലയിലെ വിശ്വാസ്യത കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ മകൻ പ്രശാന്ത് ഭൂഷണിനൊപ്പം പ്രചാരണപ്രവർത്തനങ്ങളും സംഘടിപ്പിച്ചുണ്ട്.
അഴിമതി വിരുദ്ധ, മനുഷ്യാവകാശ പോരാട്ടങ്ങളുടെ മുൻനിരയിലും സ്ഥാനം പിടിച്ചിരുന്ന ശാന്തിഭൂഷൺ സംഘടനാ കോൺഗ്രസ് ഉൾപ്പെടെ രാഷ്ട്രീയകക്ഷികളുമായും സഹകരിച്ചിരുന്നു.