തീരദേശ നിയമങ്ങളുടെ ലംഘനം: അദാനിയുടെ ഭക്ഷ്യഎണ്ണ സംഭരണി നീക്കണമെന്ന ഉത്തരവ് ശരിവച്ചു
Saturday, February 4, 2023 5:08 AM IST
ന്യൂഡൽഹി: ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി വിൽമോർ ലിമിറ്റഡിന്റെ തമിഴ്നാട് തീരത്തുള്ള ഭക്ഷ്യ എണ്ണസംസ്കരണകേന്ദ്രം പൊളിച്ചുനീക്കണമെന്ന ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.
ചെന്നൈ തൊണ്ടിയാർപേട്ട് തീരത്താണ് അദാനി വിൽമോർ ലിമിറ്റഡിന്റെയും കെടിവി ഓയിൽമിൽസിന്റെയും സംയുക്ത ഉടമസ്ഥതയിൽ സംഭരണകേന്ദ്രവും ചരക്കുനീക്കത്തിനുള്ള സംവിധാനവും. തീരദേശ പരിപാലന ചട്ടങ്ങൾ ലംഘിച്ചാണ് കേന്ദ്രത്തിന്റെ നിർമാണമെന്നു ചൂണ്ടിക്കാട്ടി ചെന്നൈയിലെ ഒരു സംഘടന നൽകിയ പരാതിയെത്തുടർന്ന് സംഭരണകേന്ദ്രം പൊളിച്ചുനീക്കാൻ 2020 സെപ്റ്റംബറിൽ ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ അദാനി ഗ്രൂപ്പ് സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ പ്രതികൂല വിധി.
12,825 കിലോലിറ്റർ മൊത്തം സംഭരണശേഷിയുള്ള അഞ്ച് സ്റ്റോറേജ് ടാങ്കുകൾ പൊളിച്ചനീക്കാൻ ആറുമാസത്തെ സമയം ജസ്റ്റീസ് കെ.എം. ജോസഫും ജസ്റ്റീസ് ബി. നാഗരത്നയും ജസ്റ്റീസ് ജെ.ബി. പർദിവാലയും അടങ്ങുന്ന ബഞ്ച് അനുവദിച്ചിട്ടുണ്ട്.