മനുഷ്യ-വന്യജീവി സംഘർഷം പരിഹാരത്തിന് 14 നിർദേശങ്ങൾ
Wednesday, March 22, 2023 12:51 AM IST
ന്യൂഡൽഹി: വന്യജീവി സംഘർഷം പരിഹരിക്കുന്നതിനുള്ള മാർഗരേഖ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിനുള്ള 14 മാർഗനിർദേശങ്ങളാണ് പുറത്തിറക്കിയത്.
വന്യജീവി ആക്രമണം സംബന്ധിച്ച് ഓരോ പ്രദേശത്തും പരിഹാര നടപടിയെടുക്കാൻ ഈ മാർഗനിർദേശങ്ങൾ സഹായിക്കും എന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു.
ജർമനിയിലെ ജിഐഇസഡുമായി വന്യജീവി ആക്രണം ലഘൂകരിക്കുന്നതിനുള്ള ഇന്തോ-ജർമൻ സഹകരണ പദ്ധതിയുടെ കീഴിലാണ് ഈ മാർഗനിർദേശങ്ങൾ തയാറാക്കിയിരിക്കുന്നത്. കർണാടക, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ വനംവകുപ്പുകളുമായി ചേർന്നാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്.
മനുഷ്യനും ആന, കാട്ടുപോത്ത്, പുളളിപ്പുലി, പാന്പ്, മുതല, റീസസ് കുരങ്, കാട്ടുപന്നി, കരടി, ബ്ലൂ ബുൾ, ബ്ലാക്ക്ബക്ക് എന്നിവയും തമ്മിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മാർഗനിർദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. അതിനു പുറമേ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള ഫലപ്രദമായ ആശയവിനിമയത്തിനായി ഇന്ത്യയിലെ വനംവകുപ്പും മാധ്യമ മേഖലയും തമ്മിലുള്ള സഹകരണത്തിനുള്ള മാർഗനിർദേശങ്ങളും ഉണ്ട്.
മനുഷ്യരും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള സഹവർത്തിത്വ സമീപനം ലക്ഷ്യംവച്ചാണ് മാർഗനിർദേശങ്ങൾ തയാറാക്കിയിരിക്കുന്നത്. വന്യജീവി ആക്രമണങ്ങൾ മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളെ അഭിസംബോധന ചെയ്യുക, അതിലേക്കുനയിക്കുന്ന കാരണങ്ങളെയും സമ്മർദങ്ങളെയും അഭിസംബോധന ചെയ്യുക, പ്രതിരോധ രീതികൾ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗനിർദേശം നൽകുക, മനുഷ്യർക്കും വന്യമൃഗങ്ങൾക്കും ഉണ്ടാകുന്ന ആഘാതം കുറയ്ക്കൽ എന്നിവയ്ക്ക് സമഗ്രമായ സമീപനം സ്വീകരിക്കുന്നതിനുള്ള ചട്ടക്കൂട് രൂപീകരിക്കുക എന്നിവയാണ് പുതിയ മാർഗനിർദേശങ്ങളിലൂടെ വനംവകുപ്പ് ലക്ഷ്യം വയ്ക്കുന്നത്.