അമൃത്പാലിന് അഭയം നല്കിയ സ്ത്രീ ഹരിയാനയിൽ പിടിയിൽ
Friday, March 24, 2023 2:04 AM IST
ചണ്ഡിഗഡ്: ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനും കൂട്ടാളി പാപൽപ്രീത് സിംഗിനും അഭയം നല്കിയ സ്ത്രീ ഹരിയാനയിലെ കുരുക്ഷേത്രയിൽ പിടിയിലായി.
ബൽജിത് കൗർ എന്ന സ്ത്രീയെ ഷാഹാബാദിൽനിന്നാണു പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് സ്വന്തം വീട്ടിൽ അമൃത്പാൽ സിംഗിനും കൂട്ടാളിക്കും ബൽജിത് കൗർ ഒളിയിടമൊരുക്കിയത്.
പാപൽപ്രീത് സിംഗിനെ രണ്ടു വർഷമായി ബൽജിതിന് അറിയാമായിരുന്നു. അമൃത്പാൽ സിംഗിന്റെ മാർഗദർശികളിലൊരാളായാണ് പാപൽപ്രീത് അറിയപ്പെടുന്നത്.
ശനിയാഴ്ച അമൃത്പാൽ രക്ഷപ്പെട്ട മോട്ടോർസൈക്കിൾ ഓടിച്ചത് പാപൽപ്രീതായിരുന്നു. ജലന്ധറിലെ ഒരു കനാലിനു സമീപം ഉപേക്ഷിക്കപ്പെട്ടനിലയിൽ ബൈക്ക് കണ്ടെത്തിയിരുന്നു. മെഴ്സിഡീസ്, ബ്രെസ എസ്യുവി, ഇസുസു പിക്ക് അപ്, മോട്ടോർ ബൈക്ക് തുടങ്ങിയവയിൽ അനുയായികൾക്കൊപ്പം അമൃത്പാൽ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അമൃത്പാൽ സിംഗിന്റെ സ്വകാര്യ അംഗരക്ഷ സംഘത്തിലെ ഒരാളെ ഇന്നലെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. തേജീന്ദർ സിംഗ് ഗിൽ ആണ് അറസ്റ്റിലായത്.