ഗുജറാത്ത് കൂട്ടമാനഭംഗക്കേസ്: പ്രതികളുടെ മോചനം ചോദ്യംചെയ്തു സുപ്രീംകോടതി
Tuesday, March 28, 2023 1:15 AM IST
സെബി മാത്യു
ന്യൂഡൽഹി: ഗുജറാത്ത് കൂട്ടമാനഭംഗ കേസിലെ പതിനൊന്നു പ്രതികളെ മോചിപ്പിച്ചതു കൃത്യമായ നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിലാണോയെന്നു സുപ്രീംകോടതി. പ്രതികളെ മോചിപ്പിച്ചതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ഗുജറാത്ത് സർക്കാരിന് നിർദേശവും നൽകി.
പ്രതികളുടെ ശിക്ഷാകാലാവധി പൂർത്തിയാകുന്നതിനുമുന്പേ മോചിപ്പിച്ചതിനെതിരേ ബിൽക്കിസ് ബാനു നൽകിയ ഹർജിയിലാണ് ജസ്റ്റീസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരുൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചത്. ഈ കേസിനെ ഒരിക്കലും വികാരത്തിന്റെ അടിസ്ഥാനത്തിൽ സമീപിക്കില്ലെന്നും നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.
നിരവധി കൊലക്കേസുകളിലെ പ്രതികൾ മോചനം ലഭിക്കാതെ വർഷങ്ങളോളം തടവിൽ കഴിയുന്നതുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. പ്രസ്തുത കേസിൽ പ്രതികളെ മോചിപ്പിച്ചതു സമാന കേസുകളിൽ സമീപിച്ച സാധാരണ നടപടികളുടെ അടിസ്ഥാനത്തിൽ തന്നെയാണോ എന്നായിരുന്നു ജസ്റ്റീസ് കെ.എം. ജോസഫ് ചോദിച്ചത്. ബിൽക്കീസ് ബാനുവിന്റേതടക്കം പ്രതികളെ മോചിപ്പിച്ചതിനെതിരേ നൽകിയ ഒരുകൂട്ടം ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. തൃണമൂൽ കോണ്ഗ്രസ് എംപി മഹുവ മൊയ്ത്ര, സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി എന്നിവരും പ്രതികളുടെ മോചനത്തിനെതിരേ ഹർജി നൽകിയിട്ടുണ്ട്. കേസ് വീണ്ടും ഏപ്രിൽ 18ന് പരിഗണിക്കും.
കൂട്ട മാനഭംഗക്കേസിലെ പ്രതികളെ വെറുതേ വിട്ടതിനെതിരേ നൽകിയ ഹർജികളിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാരിനുപുറമേ ഗുജറാത്ത് സർക്കാരിനും മോചനം ലഭിച്ച പ്രതികൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
വിചാരണക്കോടതി ജഡ്ജിയും സിബിഐയും പ്രതികളുടെ മോചനത്തെ എതിർത്തിരുന്നുവെന്ന് സുഭാഷിണി അലിക്കും മുതിർന്ന പത്രപ്രവർത്തക രേവതി ലൗളിനും ലക്നോ സർവകലാശാല മുൻ വൈസ് ചാൻസലർ രൂപ് രേഖ വർമയ്ക്കും വേണ്ടി ഹാജരായ വൃന്ദ ഗ്രോവർ കോടതിയിൽ ചൂണ്ടിക്കാട്ടി. നേരത്തെ ശിക്ഷയോടൊപ്പം വിധിച്ച പിഴത്തുക അടച്ചിട്ടില്ലാത്തതിനാൽ അതിനു പകരമുള്ള തടവുശിക്ഷ അനുഭവിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ, പ്രതികൾ ഇതിനോടകംതന്നെ 15 വർഷം തടവിൽ കഴിഞ്ഞുവെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.
വൈകാരികമായ ഹർജികൾക്ക് നിയമസാധുതയില്ലെന്നു പ്രതികളുടെ അഭിഭാഷകൻ ഋഷി മൽഹോത്ര ചൂണ്ടിക്കാട്ടി. അപ്പോഴാണ് അതിക്രൂരമായ ഈ കേസിന്റെ വൈകാരിക വശങ്ങളല്ല, മറിച്ച് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പരിഗണിക്കുന്നതെന്ന് ജസ്റ്റീസ് കെ.എം. ജോസഫ് വ്യക്തമാക്കിയത്.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് കൂട്ട മാനഭംഗക്കേസിലെ പതിനൊന്നു പ്രതികളെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്. ഇതു വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിനിടെ അഞ്ചു മാസം ഗർഭിണിയായ 19കാരി ബിൽക്കിസ് ബാനുവിനെ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയും കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്തതാണു കേസ്. 2008ൽ കേസിലെ പ്രതികൾ കുറ്റക്കാരാണെന്നു കണ്ടെത്തിയ മുംബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷയ്ക്കു വിധിച്ചിരുന്നു. 2017 ൽ മുംബൈ ഹൈക്കോടതി വിധി ശരിവയ്ക്കുകയും ചെയ്തു. കേസിന്റെ സുഗമമായ വിചാരണയ്ക്കു വേണ്ടിയാണ് മുംബൈ ഹൈക്കോടതിയിലേക്കു മാറ്റിയത്.