അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് വില കുറയും
Friday, March 31, 2023 1:24 AM IST
സെബി മാത്യു
ന്യൂഡൽഹി: അപൂർവ രോഗങ്ങൾക്കും കാൻസറിനുമുള്ള മരുന്നുകളുടെ വില കുറയും. ഇത്തരം മരുന്നുകളുടെയും പ്രത്യേക ഭക്ഷ്യവസ്തുക്കളുടെയും ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ കേന്ദ്ര ധനമന്ത്രാലയം പൂർണമായും ഒഴിവാക്കി വിജ്ഞാപനമിറക്കി. ഇതോടൊപ്പം എക്സ്റേ യന്ത്രഭാഗങ്ങളുടെയും ഉപകരണങ്ങളുടെയും കസ്റ്റംസ് തീരുവയും കുറച്ചിട്ടുണ്ട്.
2021 ലെ ദേശീയനയത്തിൽ ഉൾപ്പെടുത്തിയാണ് കസ്റ്റംസ് തീരുവ കുറച്ചിരിക്കുന്നത്. വിജ്ഞാപനം ഇന്നലെ പ്രാബല്യത്തിൽവന്നു. ഈ വിഭാഗത്തിൽപ്പെട്ട മരുന്നുകളുടെ വില കുറയ്ക്കണമെന്ന ആവശ്യം ഏറെനാളായി ഉയർന്നിരുന്നു. അഞ്ചു മുതൽ പത്തു ശതമാനം വരെയായിരുന്നു അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും കസ്റ്റംസ് തീരുവ.
ഇനിമുതൽ ഇത്തരം മരുന്നുകൾ ഇറക്കുമതി ചെയ്യുന്പോൾ കേന്ദ്രത്തിലെയോ സംസ്ഥാനങ്ങളിലെയോ ഹെൽത്ത് സർവീസ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരിൽ ആരുടെയെങ്കിലും സർട്ടിഫിക്കറ്റ് നൽകിയാൽ കസ്റ്റംസ് തീരുവ പൂർണമായും ഒഴിവാക്കും. ഇതിനായുള്ള പട്ടികയിൽ 51 മരുന്നുകളെ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്രസർക്കാർ അംഗീകരിച്ച അപൂർവ രോഗങ്ങളുടെ പട്ടികയിലുള്ള മരുന്നുകൾക്കാകും തീരുവ ഇളവ് ലഭിക്കുക. സ്പൈനൽ മസ്കുലർ അട്രോഫി ഉൾപ്പെടെയുള്ള ഏതാനും മരുന്നുകൾക്ക് നേരത്തേ നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. കാൻസർ ചികിത്സയ്ക്കുള്ള പെംബ്രോലിസുമാബിന്റെ തീരുവയിലും ഇളവുണ്ട്.
അവശ്യമരുന്നുകൾക്കു കൂടുന്നത് 12 ശതമാനം വരെ
അവശ്യമരുന്നുകളുടെ വിലയിൽ കഴിഞ്ഞദിവസം വൻ വർധനവ് വരുത്തിയിരുന്നു. നാളെമുതൽ 12.12 ശതമാനം വരെ വർധനയ്ക്കാണു കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. 384 മരുന്നുകളുടെയും ആയിരത്തോളം മെഡിസിൻ ഫോർമുലേഷനുകളുടെയും വില വർധിക്കും. വാർഷിക മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലാണു വിലവർധന.
വേദനസംഹാരികൾ, ഹൃദ്രോഗ ചികിത്സാ മരുന്നുകൾ, ആന്റി ബയോട്ടിക്കുകൾ എന്നിവയ്ക്കായിരിക്കും പ്രധാനമായും വില വർധിക്കുക. ഇവ വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടുന്നവയാണ്. വില നിയന്ത്രണ പട്ടികയ്ക്കുപുറത്തുള്ള നോണ് ഷെഡ്യൂൾഡ് മരുന്നുകളുടെ വിലയിലും പത്തു ശതമാനം വർധനവുണ്ടാകും.