സുരേഷ് റെയ്നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കുറ്റവാളി കൊല്ലപ്പെട്ടു
Sunday, April 2, 2023 1:26 AM IST
മുസാഫർനഗർ: മൂന്നുവർഷം മുന്പ് ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാളെ ഉത്തർപ്രദേശ് പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു.
മുസാഫർനഗറിലെ ഷാപുരിൽ നടന്ന ഏറ്റുമുട്ടലിലാണ് കൊടുംക്രിമിനലായ റാഷിദ് കൊല്ലപ്പെട്ടത്. പരിശോധനയ്ക്കിടെ ക്രിമിനലുകൾ വെടിയുതിർത്തതോടെ പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് റാഷിദ് കൊല്ലപ്പെട്ടത്.
കൊള്ളയും കൊലപാതകവും ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. പഞ്ചാബിലെ പത്താൻകോട്ടിൽ താമസിച്ചിരുന്ന സുരേഷ് റെയ്നയുടെ അമ്മാവൻ അശോക് കുമാർ, ഭാര്യ ആഷാ റാണി, മകൻ കുഷാൽ എന്നിവർ 2020 ഓഗസ്റ്റിന് 19 നു അർധരാത്രിയാണ് കൊല്ലപ്പെട്ടത്. കേസിൽ രാജസ്ഥാനിലെ ജുൻജുന സ്വദേശികളായ മൂന്നുപേരെ നേരത്തെ പിടികൂടിയിരുന്നു.