സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ; വാക്കു പാലിച്ച് തുടക്കം
Sunday, May 21, 2023 1:04 AM IST
ബംഗളൂരു: ആദ്യദിനംതന്നെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ നടപ്പാക്കി കർണാടകത്തിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനു തുടക്കം. ഗ്രാമീണമേഖലയിൽ കോൺഗ്രസിനു വലിയ വിജയം സമ്മാനിച്ച വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിലൂടെ പ്രതിവർഷം 50,000 കോടിരൂപ സർക്കാരിനു ചെലവഴിക്കേണ്ടിവരും.
സാന്പത്തികബാധ്യതയുണ്ടാകുമെങ്കിലും വാഗ്ദാനങ്ങളിൽനിന്നു പിന്നോട്ടുപോകില്ലെന്നു സത്യപ്രതിജ്ഞയ്ക്കു പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ഉറപ്പു നൽകി.
ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സിദ്ധരാമയ്യ സർക്കാരിന്റെ സത്യപ്രതിജ്ഞ. ഗവർണർ തവർചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിമാരായ ജി. പരമേശ്വര, കെ.എച്ച്. മുനിയപ്പ, കെ.ജെ. ജോർജ്, എം.ബി. പാട്ടീൽ, സതീഷ് ജാർക്കിഹോളി, രാമലിംഗ റെഡ്ഡി, ബി.സെഡ്. സമീർ അഹമ്മദ് ഖാൻ, പ്രിയങ്ക് ഖാർഗെ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനാണ് പ്രിയങ്ക്.
എഐസിസി അധ്യക്ഷനു പുറമേ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗൽ, സുഖ്വിന്ദർ സിംഗ് സുഖു തുടങ്ങിയവർ സത്യപ്രതിജ്ഞാവേദിയിലെത്തി.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, നാഷണൽ കോൺഫറൻസ് നേതാവ് ഫാറുഖ് അബ്ദുള്ള, പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി, ചലച്ചിത്രതാരം കമൽഹാസൻ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽസെക്രട്ടറി ഡി. രാജ തുടങ്ങിയ നേതാക്കളുടെ വലിയ നിരയും ഉണ്ടായിരുന്നു.
കഴിഞ്ഞദിവസം ചേർന്ന നിയമസഭാകക്ഷി യോഗം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. തുടർന്ന് ഗവർണറെ സന്ദർശിച്ച് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുകയായിരുന്നു.
75 കാരനായ സിദ്ധരാമയ്യ രണ്ടാംതവണയാണ് കർണാടകത്തിന്റെ ഭരണനേതൃത്വത്തിലെത്തുന്നത്. 2013 മുതൽ അഞ്ചുവർഷമായിരുന്നു ആദ്യടേം. ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള ആദ്യമന്ത്രിസഭയിലും അംഗമായിരുന്നു. അടുത്തവർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പു വരെ കർണാടക പ്രദേശ് കോൺഗ്രസ് അധ്യക്ഷസ്ഥാനവും ശിവകുമാറിനാണ്.