തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കോൺഗ്രസ്
Monday, May 22, 2023 12:42 AM IST
ന്യൂഡൽഹി: ബിജെപി ഭരണം അവസാനിപ്പിച്ച് കർണാടകത്തിൽ അധികാരം പിടിച്ചെടുത്തതിന്റെ ആത്മവിശ്വാസത്തിൽ മാസങ്ങൾക്കുള്ളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ നേരിടാൻ കോൺഗ്രസ് തയാറെടുക്കുന്നു. തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ്, തെലുങ്കാന, മിസോറാം എന്നിവിടങ്ങളിൽ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിന് ബുധനാഴ്ച ഡൽഹിയിൽ സുപ്രധാനയോഗം ചേരുകയാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ചുചേർക്കുന്ന യോഗത്തിലേക്ക് ഈ സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കൾ പങ്കെടുക്കും.
രാജസ്ഥാനിലും ഛത്തിസ്ഗഡിലും ഭരണത്തുടർച്ചയ്ക്കുവേണ്ടിയുള്ള ശ്രമമാണ്. ഭരണവിരുദ്ധവികാരം മറികടക്കുന്നതിനെക്കുറിച്ചും ചർച്ചകൾ ഉണ്ടാകും. പാർട്ടിക്കുള്ളിലെ അഭിപ്രായഭിന്നതകൾ രണ്ടിടങ്ങളിലും തലവേദനയായി തുടരുകയാണ്. കർണാടകത്തിൽ സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും യോജിപ്പിച്ച അതേ മാതൃക ഈ സംസ്ഥാനങ്ങളിലും പരീക്ഷിക്കാനാണ് ശ്രമം. മധ്യപ്രദേശിൽ ഭരണത്തിൽ തിരിച്ചെത്തുക എന്നതിനും വലിയ പ്രധാന്യം നൽകുന്നു.
തെലുങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നേതാക്കളാണ് ബുധനാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കുക. ഭാരത് ജോഡോ യാത്ര കടന്നുപോയ സംസ്ഥാനങ്ങളിൽ സംഘടനാസംവിധാനം ശക്തിപ്പെട്ടുവെന്നു നേതൃത്വം വിലയിരുത്തുന്നു. തെലുങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഇതു പ്രകടമാണ്. കർണാടകത്തിലെ വിജയത്തിനും യാത്ര വലിയ പങ്കുവഹിച്ചുവെന്നാണ് വിലയിരുത്തൽ. രാജസ്ഥാനിലും ഛത്തിസ്ഗഡിലും സർക്കാർ കൈവരിച്ച നേട്ടങ്ങൾ വോട്ടർമാരിലെത്തിക്കണമെന്ന ആവശ്യവും ശക്തമാണ്.
എന്നാൽ സംഘടനാസംവിധാനം ദുർബലമായി തുടരുന്നതും പാർട്ടിക്കുള്ളിലെ പടലപ്പിണക്കവും നേതൃത്വത്തിനു തലവേദന തന്നെയാണ്. രാജസ്ഥാനിൽ സച്ചിൻ പൈലറ്റും മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടും തമ്മിലുള്ള പോര് പാരമ്യത്തിലാണ്.
ഛത്തിസ്ഗഡിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ എതിർക്കുന്നത് മന്ത്രിസഭയിലെതന്നെ അംഗങ്ങളാണ്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ മുഖ്യമന്ത്രിക്കസേരയ്ക്കായി ഈ നേതാക്കൾ വിമതസ്വരം ഉയർത്തിയേക്കാം. തെലുങ്കാനയിൽ സംസ്ഥാന അധ്യക്ഷൻ രേവന്ദ് റെഡ്ഡിക്കെതിരേയും ഒരു വിഭാഗം നേതാക്കൾ പ്രചാരണം നടത്തുന്നുണ്ട്. ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ടതാണ് കർണാടകത്തിലെ വിജയത്തിനു കാരണമെന്ന് നേതാക്കളെ ബോധിപ്പിക്കാനുള്ള ശ്രമം ബുധനാഴ്ച ഉണ്ടായേക്കും.