പഞ്ചാബ് മുഖ്യമന്ത്രിക്ക് സെഡ് പ്ലസ് സുരക്ഷ
Friday, May 26, 2023 12:59 AM IST
ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം. പഞ്ചാബിൽ ഖലിസ്ഥാൻ അനുകൂല സംഘടനയുമായി ബന്ധപ്പെട്ട സംഘർഷത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാഭീഷണി വിശകലനം ചെയ്തുള്ള കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സുരക്ഷാ ഏജൻസികളുടെയും റിപ്പോർട്ടിനെത്തുടർന്നാണു നടപടി.
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ വിഐപി പ്രൊട്ടക്ഷൻ സ്ക്വാഡാണു ഭഗവന്ത് മന്നിന് സുരക്ഷയൊരുക്കുക. രാജ്യത്തുടനീളം പഞ്ചാബ് മുഖ്യമന്ത്രിക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.
പോലീസ് സംരക്ഷണത്തിനുപുറമേ മുഖ്യമന്ത്രിയുടെ വീടിനും അടുത്ത കുടുംബാംഗങ്ങൾക്കും സുരക്ഷ നൽകുന്നതിന് 55 സിആർപിഎഫ് സൈനികരെ നിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
ഖലിസ്ഥാൻ അനുകൂല സംഘടനയായ "വാരിസ് പഞ്ചാബ് ദേ' നേതാക്കൾക്കെതിരേയുള്ള സംസ്ഥാന സർക്കാരിന്റെ നടപടി പഞ്ചാബിൽ ക്രമസമാധാന പ്രശ്നങ്ങൾക്കു കാരണമായിരുന്നു.