സെൻസസ് തുടങ്ങുന്നു
Sunday, May 28, 2023 3:00 AM IST
സെബി മാത്യു
ന്യൂഡൽഹി: കേട്ടാൽ അന്പരപ്പുളവാക്കുന്ന ചോദ്യങ്ങളുമായി പുതിയ സെൻസസ് ചോദ്യാവലി. കുടിക്കുന്നത് കുപ്പി വെള്ളമാണോ എന്നതു മുതൽ ഇന്റർനെറ്റ് ലഭ്യത, ശൗചാലയ സൗകര്യം, സ്വന്തമായി വീടുണ്ടായിട്ടും അവിടെ താമസിക്കാൻ കഴിയാത്ത സാഹചര്യം തുടങ്ങിയ ചോദ്യങ്ങളും പുതിയ സെൻസസ് പട്ടികയിലുണ്ട്.
എന്തു കാരണം കൊണ്ടാണ് ഒരാൾക്ക് അംഗഭംഗം സംഭവിച്ചതെന്നും ചോദ്യമുണ്ട്. ആസിഡ് അറ്റാക്ക്, ഗുരുതര നാഡീസംബന്ധമായ അസുഖം, രക്തചംക്രമണത്തിലെ കുഴപ്പം എന്നതുൾപ്പടെയുള്ള ചോദ്യങ്ങൾ ഈ വിഭാഗത്തിലുണ്ട്. മാനസിക വൈകല്യം സംബന്ധിച്ചും ചോദ്യങ്ങളുണ്ട്.
പത്തു വർഷത്തിലൊരിക്കൽ നടക്കേണ്ട സെൻസസ് ചരിത്രത്തിലാദ്യമായി കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞതവണ തടസപ്പെട്ടിരുന്നു. 2011ലാണ് ഇന്ത്യയിൽ ഏറ്റവുമൊടുവിൽ സെൻസസ് നടന്നത്. ഭരണഘടനപ്രകാരം രാജ്യത്ത് പത്തു വർഷത്തിലൊരിക്കൽ ജനസംഖ്യാ കണക്കെടുപ്പ് നടത്തണം. എന്നാൽ, ഏതു സമയത്താണ് സെൻസസ് നടത്തേണ്ടതെന്ന് വ്യക്തമായി പറയുന്നില്ല. 1948ലെ സെൻസസ് ഓഫ് ഇന്ത്യ നിയമത്തിലും ഇതിനുള്ള സമയക്രമം കൃത്യമായി നിർദേശിച്ചിട്ടില്ല. ഈ വർഷത്തെ സെൻസസ് നടപടികളുടെ ഒന്നാം ഘട്ടം ഉടൻതന്നെ ആരംഭിക്കും.
പ്രകൃതി ദുരന്തവും കാരണം
പുതിയ സെൻസസ് രേഖയിൽ മറ്റൊരു സ്ഥലത്തേക്കുള്ള കുടിയേറ്റത്തിനുള്ള കാരണമായി പുതുതായി പ്രകൃതി ദുരന്തം എന്ന ഓപ്ഷൻകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന വിദ്യാഭ്യാസം, ജോലി, വിവാഹം എന്നീ ഓപ്ഷനുകൾക്കു പുറമെയാണ് പ്രകൃതിദുരന്തം എന്ന ഓപ്ഷൻ കൂടി ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആറു മതങ്ങൾ മാത്രം
ഒട്ടേറെ മതവിശ്വാസങ്ങൾ ഉള്ള ഇന്ത്യയിൽ പുതിയ സെൻസസ് പട്ടികയിൽ ആറു മതങ്ങളെ മാത്രമാണു പ്രത്യേകം ഉൾപ്പെടുത്തിയിരിക്കുന്നത്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിക്ക്, ജൈനമതം എന്നീ മതങ്ങളെയാണു പരിഗണിച്ചിരിക്കുന്നത്. കർണാടകയിൽനിന്നു ലിംഗായത്ത് വിഭാഗവും ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിൽനിന്നുള്ള പ്രകൃതിയാരാധന നടത്തുന്ന സർന വിശ്വാസത്തിൽ ഉൾപ്പെട്ടവരും തങ്ങളെ പ്രത്യേക മതമായി പരിഗണിക്കണമെന്ന് ആവശ്യമുയർത്തിയിരുന്നു. എന്നാൽ, ആറു മതവിശ്വാസങ്ങളിൽപ്പെട്ടവരല്ലാത്ത ഇതര വിശ്വാസികൾക്ക് തങ്ങളുടെ മതം ഏതാണെന്നു രേഖപ്പെടുത്താമെങ്കിലും ഇതിനായി പ്രത്യേക കോളം നീക്കിവച്ചിട്ടില്ല.
2011ലെ സെൻസസ് രേഖകളിൽ മറ്റു മതവിശ്വാസങ്ങളിൽപ്പെട്ടവരുടെ വിവരങ്ങൾ രേഖപ്പെടുത്താൻ നിരവധി കോഡുകൾ ഉൾപ്പെടുത്തിയിരുന്നു. അതാണ് ഇത്തവണ ആറെണ്ണം മാത്രമാക്കി ചുരുക്കിയത്.
ഡിജിറ്റൽ സെൻസസ്
രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസാണ് നടക്കാനിരിക്കുന്നത്. ആളുകൾക്ക് അവരവരുടെ സ്ഥലങ്ങളിൽ ഇരുന്നുതന്നെ ഓണ്ലൈനായി ചോദ്യാവലികൾ പൂരിപ്പിച്ചു നൽകാനുള്ള അവസരമുണ്ട്. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന സെൻസസിൽ ആദ്യഘട്ടത്തിൽ വീടുകളുടെ വിവരങ്ങൾ ഉൾപ്പെടെ 31 ചോദ്യങ്ങളാണുള്ളത്. ജനസംഖ്യാ കണക്കെടുപ്പ് ഉൾപ്പെടെയുള്ള രണ്ടാംഘട്ടത്തിൽ 28 ചോദ്യങ്ങളുമുണ്ട്. 2021 ലെ സെൻസസ് ശേഖരിക്കാൻ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാനാണു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട്, ഇലക്ട്രോണിക് മാർഗങ്ങളും പരന്പരാഗത പേപ്പർ ഫോമുകളും ഉപയോഗിച്ച് ഡാറ്റ ശേഖരിക്കാൻ തീരുമാനിച്ചു.
കുപ്പിവെള്ളത്തിനും കണക്ക്
അടുത്ത സെൻസസിലെ ഏറ്റവും ശ്രദ്ധേയമായ ചോദ്യം നിങ്ങൾ കുടിക്കുന്നത് കുപ്പിവെള്ളമാണോ എന്നതാണ്. പ്രധാന കുടിവെള്ള സ്രോതസ് കുപ്പിയിലാക്കിയ വെള്ളമാണോ എന്നാണു ചോദ്യം. കുടിക്കാൻ വെള്ളം എടുക്കുന്നത് എവിടെനിന്നാണെന്നുവരെ ഉത്തരം നൽകണം.
വീടിന്റെ പരിസരത്തിനു സമീപം, നഗരപ്രദേശങ്ങളിൽ 100 മീറ്ററിനുള്ളിൽ, ഗ്രാമപ്രദേശങ്ങളിൽ 500 മീറ്ററിനുള്ളിൽ തുടങ്ങിയ ഓപ്ഷനുകളാണ് ഈ ചോദ്യത്തിന് നൽകിയിരിക്കുന്നത്. അടുക്കളയിൽ പാചകത്തിന് ഗ്യാസ് സിലിണ്ടറാണോ പൈപ്പ് ഗ്യാസ് ആണോ എന്നും ചോദ്യമുണ്ട്.
വീട്ടിൽ പ്രധാനമായും ഉപയോഗിക്കുന്ന ധാന്യം ഏതാണ്, വീട്ടിൽ എത്ര സ്മാർട്ട് ഫോണ് കണക്ഷനുകളുണ്ട്, എത്ര ഡിടിഎച്ച് കണക്ഷൻ ഉണ്ട്, എന്നിവയാണ് 2021ലെ സെൻസസിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുള്ള ചോദ്യങ്ങൾ.
പോക്കും വരവും
ജോലിസ്ഥലത്തേക്കുള്ള യാത്രയെക്കുറിച്ചും സെൻസസിൽ ചോദ്യങ്ങളുണ്ടാകും. യാത്രാ രീതിയെക്കുറിച്ചും മെട്രോ ഉപയോഗിക്കാറുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും ചോദ്യങ്ങളായി വരും. വാടകവീട്ടിൽ താമസിക്കുന്നവരാണെങ്കിൽ മറ്റെവിടെയെങ്കിലും വീടുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം നൽകണം.