മണിപ്പുരിലേതു സമുദായ സംഘര്‍ഷം; ഭീകരവാദ ഭീഷണിയില്ലെന്നു സേനാ മേധാവി
Wednesday, May 31, 2023 1:30 AM IST
പൂന: മണിപ്പുരില്‍ ഭീകരവാദ ഭീഷണിയില്ലെന്നു സംയുക്ത സൈനിക മേധാവി ജനറൽ അനില്‍ ചൗഹാന്. രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് സംഘര്‍ഷമായി മാറിയത്. ഇതു ക്രമസമാധാന വിഷയമാണ്. സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ സൈന്യം സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുകയാണ്.
സ്ഥിതി സാധാരണനിലയിലാകാന്‍ സമയമെടുക്കുമെന്നും പൂനെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം പറഞ്ഞു. 2020 മുതൽ കരസേനയും ആസാം റൈഫിൾസും സംസ്ഥാനത്തുണ്ട്.
വടക്കൻ അതിർത്തിയിലെ വെല്ലുവിളി ഉയർന്ന സാഹചര്യത്തിൽ സേനയെ പിൻവലിക്കാൻ സാധിക്കില്ലെന്നും ജനറൽ അനിൽ ചൗഹാൻ പറഞ്ഞു. വടക്കൻ അതിർത്തിയിൽ ചൈനീസ് സേനയുടെ സാന്നിധ്യം വർധിക്കുന്നില്ല. എന്നാൽ പിൻവാങ്ങിയിട്ടുമില്ല. അതാണു യഥാർഥ വെല്ലുവിളിയെന്നും ജനറൽ അനിൽ ചൗഹാൻ പറഞ്ഞു.