മണിപ്പുർ സംഘർഷം: രാഷ്ട്രപതിയുടെ ഇടപെടൽ തേടി കോൺഗ്രസ്
Wednesday, May 31, 2023 1:30 AM IST
ന്യൂഡൽഹി: മണിപ്പുരിലെ സംഘർഷം പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടു കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്ക് നിവേദനം നൽകി.
മണിപ്പുർ സംസ്ഥാനം നേരിടുന്ന ഗൗരവമേറിയ പ്രശ്നം എത്രയുംവേഗം പരിഹരിക്കുന്നതിന് രാഷ്ട്രപതിയുടെ അടിയന്തര ഇടപെടൽ വേണമെന്നും കഴിയുന്നതും വേഗത്തിൽ നിയമവാഴ്ച പുനഃസ്ഥാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
സംഘർഷം അവസാനിപ്പിക്കുന്നതിന് ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കണം തുടങ്ങിയ 12 നിർദേശങ്ങളാണു കോണ്ഗ്രസ് നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഖാർഗെയ്ക്കു പുറമേ കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, ഭക്തചരണ് ദാസ്, ഒക്രം ഇബോബി സിംഗ്, മേഘചന്ദ്ര സിംഗ്, ഗൈഖംഗം, തോക്ചോം ലോകേശ്വർ സിംഗ് തുടങ്ങിയവരും നിവേദകസംഘത്തിലുണ്ടായിരുന്നു.