ഗുസ്തിതാരങ്ങൾ മെഡലുകൾ ഗംഗയിൽ ഒഴുക്കാതെ മടങ്ങി
Wednesday, May 31, 2023 1:30 AM IST
സെബി മാത്യു
ന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി നേടിയ മെഡലുകൾ ഗംഗയിൽ ഒഴു ക്കാനെത്തിയ ഗുസ്തിതാരങ്ങൾ ഒടുവിൽ കർഷകനേതാക്കളുടെ അനുനയത്തിനു വഴങ്ങി മടങ്ങി.
ഹരിദ്വാറിലെത്തിയ ഭാരതീയ കിസാൻ യൂണിയൻ നേതാവ് നരേഷ് ടികായത്ത് ഗുസ്തിതാരങ്ങളുമായി ചർച്ച നടത്തി, മെഡലുകൾ ഗംഗയിൽ ഒഴുക്കരുതെന്നും അഞ്ചു ദിവസംകൂടി കാത്തിരിക്കാനും അഭ്യർഥിച്ചു. ഗംഗയിൽ ഒഴുക്കാനായി കൊണ്ടുവന്ന മെഡലുകൾ താരങ്ങൾ നരേഷ് ടികായത്തിന് കൈമാറി.
അതിനിടെ, മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നത് ഹരിദ്വാറിലെ ഗംഗാസഭ വിലക്കിയിരുന്നു. ഗംഗ ദസറ ഉത്സവം നടക്കുന്ന സമയമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. എന്നാൽ, വർഷങ്ങൾ നീണ്ട തയാറെടുപ്പുകൾക്കും കഠിനാധ്വാനങ്ങൾക്കുംശേഷം രാജ്യത്തേക്കു വന്ന മെഡലുകൾ ഗംഗയിൽ ഒഴുക്കരുതെന്നാണ് ഹരിദ്വാറിൽ കൂടിനിന്ന ജനങ്ങൾ വൈകാരിക മായി പ്രതികരിച്ച താരങ്ങളോട് അഭ്യർഥിച്ചത്.
മെഡലുകൾ ഗംഗയിൽ ഒഴുക്കരുതെന്ന് കോണ്‍ഗ്രസും അഭ്യർഥിച്ചിരുന്നു. പ്രതിഷേധങ്ങൾക്കും വിലക്കുകൾക്കുമിടെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ താരങ്ങൾക്കെതിരേ നടന്ന പോലീസ് അതിക്രമത്തെ അപലപിച്ചു രംഗത്തെത്തി.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി നേതാവുമായി ബ്രിജ് ഭൂഷൺ ശരണ്‍ സിംഗിനെതിരായ ലൈംഗികാരോപണത്തിൽ നടപടി ആവശ്യപ്പെട്ടാണു ഗുസ്തിതാരങ്ങളുടെ പ്രതിഷേധം.
ഹരിദ്വാറിൽ വൻ ജനക്കൂട്ടത്തെ സാക്ഷി നിർത്തിയാണ് ഗുസ്തിതാരങ്ങൾ തങ്ങൾക്കു ലഭിച്ച അന്താരാഷ്ട്ര മെഡലുകൾ ഉൾപ്പെടെയുള്ളവ ഗംഗയിൽ ഒഴുക്കാനെത്തിയത്. തങ്ങൾക്കെതിരേ അനീതി പ്രവർത്തിച്ച വ്യക്തിക്കൊപ്പം നിലകൊണ്ട സർക്കാരിന് അവ തിരിച്ചേൽപ്പിക്കുന്നതിൽ അർഥമില്ലെന്നും അതിനാൽ ഈ മെഡലുകൾ അർപ്പിക്കാൻ ഗംഗയോളം വിശുദ്ധമായൊരിടം വേറെയില്ലെന്നുമായിരുന്നു അവരുടെ പ്രതികരണം.
സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട് എന്നിവരുൾപ്പെടെയുള്ള ഗുസ്തിതാരങ്ങളാണ് മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ ഇന്നലെ വൈകുന്നേരം ആറോടെ ഹരിദ്വാറിലെ ഹർ കി പൗരിയിൽ എത്തിയത്.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരണ്‍ സിംഗിനെതിരേ നടപടി ആവശ്യപ്പെട്ടു സമരം ചെയ്തിരുന്ന താരങ്ങളെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസമാണു പോലീസ് ബലം പ്രയോഗിച്ച് ഡൽഹി ജന്തർ മന്തറിൽനിന്ന് ഒഴിപ്പിച്ചത്.
ഇനി ലക്ഷ്യം കണ്ടെത്തുംവരെ ഇന്ത്യ ഗേറ്റിൽ നിരാഹാരമനുഷ്ഠിക്കുമെന്നാണ് ഗുസ്തിതാരങ്ങളുടെ പ്രഖ്യാപനം. എന്നാൽ, ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം അനുവദിക്കില്ലെന്ന് ഡൽഹി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ആ മെഡലുകൾ
ബജ്രംഗ് പുനിയ: രണ്ട് ഒളിന്പിക് വെങ്കല മെഡൽ, നാല് ലോക ചാന്പ്യൻഷിപ്പ് മെഡലുകൾ, രണ്ട് ഏഷ്യൻ ഗെയിംസ് മെഡലുകൾ. മൂന്ന് കോമണ്‍വെൽത്ത് ഗെയിംസ് മെഡലുകൾ.
സാക്ഷി മാലിക്ക്: രണ്ട് ഒളിന്പിക് വെങ്കല മെഡൽ
വിനേഷ് ഫോഗട്ട്: രണ്ട് ലോക ചാന്പ്യൻഷിപ്പ് മെഡലുകൾ, രണ്ട് ഏഷ്യാഡ് മെഡലുകൾ, മൂന്ന് കോമണ്‍വെൽത്ത് മെഡലുകൾ.