ട്രെയിൻ ദുരന്തം: കൈമെയ് മറന്ന് നാട്ടുകാർ, രക്തദാനത്തിനും നീണ്ട നിര
Sunday, June 4, 2023 12:17 AM IST
ബാലസോർ: രാത്രിയുടെ നിശബ്ദതയിലായിരുന്ന ബഹനാഗ ടൗൺ നിവാസികൾ റെയിൽവേ സ്റ്റേഷനടുത്തുനിന്ന് വലിയ ശബ്ദം കേട്ടതോടെ കുതിച്ചെത്തി. പിന്നീടു കാണാനായത് ഇവരുടെ കൈ മെയ് മറന്നുള്ള രക്ഷാപ്രവർത്തനമാണ്.
ഇരുട്ടു പരന്നുതുടങ്ങിയ അപകടസ്ഥലത്തേക്ക് ആദ്യം കുതിച്ചെത്തിയ ഗ്രാമവാസികൾ ഗ്യാസ് കട്ടറുകളും മറ്റും ഉപയോഗിച്ച് ആളുകളെ പുറത്തെത്തിക്കാനാണ് ആദ്യം ശ്രമിച്ചത്. ദേശീയ ദുരന്തനിവാരണ സേന, ഒഡീഷ സംസ്ഥാന ദുരന്ത നിവാരണ സേന, ഇരുനൂറോളം അഗ്നിരക്ഷാ യൂണിറ്റുകൾ, പോലീസ് സംഘം, ഡോഗ് സ്ക്വാഡ് എന്നിവയും പിന്നാലെ എത്തിയതോടെ രക്ഷാപ്രവർത്തനം ത്വരിതഗതിയിലായി. നേരം പുലർന്നിട്ടും നാട്ടുകാർ പിന്തിരിഞ്ഞില്ല. അധികൃതരുടെ നിർദേശാനുസരണം അവർ അപകടസ്ഥലത്തുതന്നെ നിലയുറപ്പിച്ചു. അർധരാത്രി കാണാനായത് സൈന്യത്തിന്റെ യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവർത്തനമാണ്.
പരിക്കേറ്റവരെ ആശുപത്രികളിലേക്കു കൊണ്ടുപോകാൻ വ്യോമസേനാ ഹെലികോപ്റ്റർ സജ്ജമാക്കിയിരുന്നു. ഗ്യാസ് കട്ടറുകളും ഇലക്ട്രിക് കട്ടറുകളും ഉപയോഗിച്ചു ബോഗികൾ മുറിച്ചാണു രക്ഷാപ്രവർത്തകർ യാത്രക്കാരെ പുറത്തെടുത്തത്. ബോഗികൾ നീക്കാനായി കൂറ്റൻ ക്രെയിനുകളും എത്തിച്ചിരുന്നു.
പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാനും ആശുപത്രികളിൽ എത്തിക്കാനുമായി അപകടസ്ഥലത്ത് 200 ആംബുലൻസുകളും 50 ബസുകളും 45 മൊബൈൽ ഹെൽത്ത് യൂണിറ്റുകളും സജ്ജമാക്കിയിരുന്നു. ഇതുകൂടാതെ 1200 സന്നദ്ധപ്രവർത്തകരും രംഗത്തുണ്ടായിരുന്നു.
ബഹനാഗ ബസാറിനടുത്തു താമസിക്കുന്ന റാണജിത് ഗിരി, ബിപ്രദ ബാഗ, ആഷ ബഹേര, അശോക് ബേര എന്നിവരാണ് ദുരന്തസ്ഥലത്തേക്ക് ആദ്യം കുതിച്ചെത്തിയത്. ഒരു കടയിൽനിന്നു സുഹൃത്തുക്കളോടൊപ്പം ചായ കുടിക്കുന്നതിനിടയിൽ വലിയൊരു ശബ്ദവും കൂട്ടനിലവിളിയും കേട്ടതോടെ ഓടിയെത്തുകയായിരുന്നുവെന്ന് റാണജിത് ഗിരി പറഞ്ഞു.
""സ്ഥലത്തെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. സമയം പാഴാക്കാതെ ബോഗികളിൽ കയറി പരിക്കേറ്റ ഏതാനും പേരെ ഞങ്ങൾ പുറത്തേക്കിറക്കി. ഇതേസമയംതന്നെ പോലീസിനെയും റെയിൽവേ അധികൃതരെയും മൊബൈലിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചു. പരിക്കേറ്റ 50 പേരെയെങ്കിലും എന്റെ വാഹ നത്തിൽ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. ''-റാണജിത് ഗിരി പറഞ്ഞു.
പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ബാലസോറിലെ ആശുപത്രികളിൽ രക്തം ദാനം ചെയ്യാനായി ക്യൂനിൽക്കുന്ന നൂറുകണക്കിനു നാട്ടുകാരെയും കാണാനായി. അപകടസ്ഥലത്തിന് തൊട്ടടുത്തു താമസിക്കുന്ന അറുപതുകാരനായ അശോക് ബേര ദുരന്തസ്ഥലത്തെ കാഴ്ചകൾ കാണാൻ പോകുന്നതിനു പകരം അതിരാവിലെതന്നെ നാല് ആൺമക്കളെയും കൂട്ടി ജില്ലാ ആശുപത്രിയിലെത്തി രക്തം ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചു. എന്നാൽ, അറുപതുകാരനായ തന്നെ രക്തം ദാനം ചെയ്യാൻ ആശുപത്രി അധികൃതർ അനുവദിച്ചില്ലെന്നും പകരം മക്കൾ രക്തം ദാനം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
താൻ ഫോണിലൂടെ അഭ്യർഥിച്ചതുപ്രകാരം ബാലസോർ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള തന്റെ ബന്ധുക്കളായ യുവാക്കൾ രക്തം ദാനം ചെയ്യുന്നതിനായി എത്തിയിരുന്നുവെന്നും അശോക് ബേര പറഞ്ഞു. ഇതുപോലെ നിരവധി ഗ്രാമവാസികളാണു തങ്ങളുടെ ബന്ധുക്കളെയടക്കം വിളിച്ചുവരുത്തി രക്തദാനത്തിനു പ്രേരിപ്പിച്ചത്.
അപകടത്തിൽനിന്നു ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട പലർക്കും തങ്ങളുടെ വിലപ്പെട്ട പലതും നഷ്ടപ്പെട്ടിരുന്നു. പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാനാകാതെ വിഷമിച്ച നിരവധി പേർക്ക് തങ്ങളുടെ മൊബൈൽ നൽകി വിവരമറിയിക്കാൻ സഹായിക്കുന്ന നിരവധി ഗ്രാമവാസികളെ കാണാമായിരുന്നു.