ബഹനാഗ സ്കൂൾ താത്കാലിക മോർച്ചറിയായി
Sunday, June 4, 2023 12:42 AM IST
ബാലസോർ: ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ആദ്യമെത്തിച്ചത് അപകടസ്ഥലത്തുനിന്ന് തൊട്ടടുത്തുള്ള ബഹനാഗ ഹൈസ്കൂളിലേക്കാണ്. വേനലവധിക്കുശേഷം അടുത്തദിവസം തുറക്കാനിരിക്കെ സ്കൂളിലെ എല്ലാ ക്ലാസ് മുറികളും താത്കാലിക മോർച്ചറികളായി.
70 മൃതദേഹങ്ങൾ സ്കൂളിലേക്ക് കൊണ്ടുവന്നതായി ഓർക്കുന്നു വെന്ന് ബാലസോറിലെ സത്യസായി സേവാ സംഘധൻ പ്രവർത്തകൻ നിഹാർ രഞ്ജൻ ബാരിക് പറയുന്നു. ""ആദ്യമാദ്യം ഭയന്നു വിറച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. കൂടുതൽ മൃതദേഹങ്ങൾ കണ്ടതോടെ ഭയം അകന്നു.'' -നിഹാർ പറഞ്ഞു.
ദുരന്തവിവരമറിഞ്ഞ് അയൽസംസ്ഥാനമായ പശ്ചിമബംഗാളിൽനിന്ന് ആളുകൾ ഒഴുകിയെത്തിയതോടെ സ്കൂൾ പരിസരം ഇന്നലെ പുലർച്ചെമുതൽ ജനനിബിഡമായിരുന്നു. ഉറ്റവരെ തേടിയായിരുന്നു പലരുമെത്തിയത്.
ക്ലാസ്മുറികളിൽ കൂട്ടിയിട്ട മൃതദേഹങ്ങളിലെ പോക്കറ്റുകളിലുണ്ടാ യിരുന്ന മൊബൈലുകൾ ശബ്ദിച്ചുകൊണ്ടേയിരുന്നു. ഫോൺകോളുകൾ പിന്തുടർന്നുള്ള പലരുടെയും തെരച്ചിൽ എത്തിയത് ബഹനാഗ ഹൈസ്കൂളിലെ ക്ലാസ്മുറികളിൽ അനാഥമായി കിടന്ന മൃതദേഹങ്ങളിലേക്കാണ്. പിന്നീട് കേൾക്കാനായത് ഉച്ചത്തിലുള്ള നിലവിളികളാണ്.
ബംഗാളിലെ ഈസ്റ്റ് മിഡ്നാപ്പുരിൽനിന്ന് ഇന്നലെ രാവിലെ ബഹനാഗ ഹൈസ്കൂളിലെത്തിയ അസിതി മെയ്തിക്ക് അധികം അലഞ്ഞുനടക്കാതെതന്നെ തന്റെ സുഹൃത്തിനെ കണ്ടെത്താനായി; ചേതനയറ്റ് സ്കൂൾ മുറിയിൽ വെള്ളത്തുണിയിൽ പൊതിഞ്ഞനിലയിൽ. കോറമാണ്ഡൽ എക്സ്പ്രസിൽ കോൽക്കത്തയിൽനിന്നു ചെന്നൈയിലേക്കു പോകുകയായിരുന്നു തങ്ങളുടെ ഗ്രാമവാസികളായ അഞ്ചു യുവാക്കളെന്നും അപകടവിവരമറിഞ്ഞയുടൻതന്നെ തങ്ങൾ ബാലസോറിലേക്ക് പ്രത്യേക വാഹനത്തിൽ തിരിക്കുകയായിരുന്നുവെന്നും അസിതി മെയ്തി പറഞ്ഞു. ""സംഘത്തിലെ നാലുപേരെയും പരിക്കേറ്റ നിലയിൽ കണ്ടെത്തിയെങ്കിലും ബൊഹ്ലാനാഥ് ഗിരിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.
നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും മറുതലയ്ക്കൽ നിശബ്ദതയായിരുന്നു. ഒടുവിൽ ഒരാൾ ഫോൺ കോൾ എടുത്തു. അതൊരു പോലീസുകാരനായിരുന്നു. ഹൈസ്കൂളിലേക്ക് എത്താനായിരുന്നു അദ്ദേഹം പറഞ്ഞത്. ഒടുവിൽ സ്കൂൾ പരിസരത്തു കാത്തുനിന്ന പോലീസുകാരൻ എന്നെ നയിച്ചത് ബൊഹ്ലാനാഥിന്റെ മൃതദേഹത്തിനരികിലേക്കാണ്'' -വിതുന്പിക്കൊണ്ട് അസിതി മെയ്തി പറഞ്ഞു.