ക്രൈസ്തവരുടെ ആശങ്കകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ അറിയിച്ചെന്ന് മാര്‍ താഴത്ത്
Tuesday, June 6, 2023 12:39 AM IST
കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കും സഭാസ്ഥാപനങ്ങള്‍ക്കും നേരേ നടക്കുന്ന അതിക്രമങ്ങളില്‍ ഭാരതസഭയ്ക്കുള്ള ആശങ്ക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരിട്ട് അറിയിച്ചെന്നു സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയുടെ ജൂബിലി ഉദ്ഘാടനത്തിനെത്തിയ അമിത് ഷായുമായി ആര്‍ച്ച്ബിഷപ് നെടുമ്പാശേരിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
മണിപ്പുരിലും മധ്യപ്രദേശിലും അടുത്തിടെയുണ്ടായ അക്രമസംഭവങ്ങള്‍ ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്ന് ആര്‍ച്ച്ബിഷപ് കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടി. മണിപ്പുരില്‍ സമാധാനത്തിനായുള്ള ദൗത്യം ഫലപ്രദമായി പുരോഗമിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
ക്രൈസ്തവര്‍ക്കും എല്ലാ പൗരന്മാര്ക്കും സംരക്ഷണം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ സേവന മേഖലകളില്‍ ക്രൈസ്തവര്‍ രാജ്യത്തിനു നല്‍കിയിട്ടുള്ള സംഭാവനകള്‍ ശ്രദ്ധേയമാണെന്നും അമിത് ഷാ പറഞ്ഞു.