രാജ്യാന്തര മയക്കുമരുന്നു ശൃംഖലയെ കുടുക്കി എൻസിബി
Wednesday, June 7, 2023 12:49 AM IST
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ ഡാർക്ക് നെറ്റ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻ മയക്കുമരുന്ന് വിതരണ ശൃംഖലയെ കുടുക്കി നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ. രണ്ടു കേസുകളിലായി ആറുപേരാണ് പിടിയിലായത്. ഡാർക്ക് വെബിലൂടെയും മറ്റും പ്രവർത്തിക്കുന്ന സംഘത്തിന്റെ പക്കൽനിന്ന് 14,961 എൽഎസ്ഡി ബ്ലോട്ടുകളും പിടിച്ചെടുത്തു.
സ്റ്റാന്പ് രൂപത്തിൽ മയക്കുമരുന്ന് അടങ്ങിയ വസ്തുവാണ് ബ്ലോട്ട്. ഈ രൂപത്തിൽ കടത്തുന്ന മയക്കുമരുന്ന് കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടാണെന്ന് നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ പറയുന്നു. പിടിയിലായവരിൽ ഒരു പെണ്‍കുട്ടിയുമുണ്ട്.
ഒരാളെ അറസ്റ്റ് ചെയ്തത് കേരളത്തിൽനിന്നാണെന്നും എൻസിബി അറിയിച്ചു. പിടിയിലായവരുടെ വ്യക്തിഗതവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.കൊറിയർ, പോസ്റ്റൽ സർവീസുകൾ വഴി മയക്കുമരുന്നു വിതരണം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു.
ഡൽഹി സോണൽ യൂണിറ്റിന്റെ കീഴിൽ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. നിരീക്ഷണം ശക്തമാക്കുന്നതിനിടെയാണ് നോയിഡയിലെ സ്വകാര്യ സർവകലാശാലയിൽ പഠിക്കുന്ന ഗോവക്കാരനായ യുവാവ് വലയിലാകുന്നത്. ചോദ്യംചെയ്തപ്പോൾ, താൻ സ്വകാര്യ മെസേജിംഗ് ആപ്പായ വിക്കറിലൂടെയാണ് മയക്കുമരുന്ന് ഓർഡർ ചെയ്തതെന്ന് ഇയാൾ സമ്മതിച്ചു.
തുടർന്ന് ഇയാൾക്ക് മയക്കുമരുന്ന് വിറ്റ വ്യക്തിയെ കഴിഞ്ഞ മേയ് 29ന് 15 എൽഎസ്ഡി ബ്ലോട്ടുകളുമായി അറസ്റ്റ് ചെയ്തു. കാഷ്മീരിലെ ഒരു വ്യക്തിക്ക് അയയ്ക്കുന്നതിനായി തയാറാക്കിവച്ചിരുന്ന 650 ബ്ലോട്ടുകളും ഇയാളുടെ വീട്ടിൽനിന്നു കണ്ടെടുത്തു.
അന്വേഷണത്തിൽ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുള്ള ഒരു പെണ്‍കുട്ടിയെക്കൂടി ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയിൽനിന്ന് മയക്കുമരുന്ന് കണ്ടെടുത്തില്ലെങ്കിലും ചോദ്യം ചെയ്തതിൽനിന്നു കൂടുതൽ വിവരങ്ങൾ ലഭ്യമായി. ഇതിന്റെ അടിസ്ഥാനത്തിൽ ജയ്പുരിൽനിന്നുള്ള കൂട്ടാളിയും പിടിയിലായി. മേയ് 30ന് 9006 എൽഎസ്ഡി ബ്ലോട്ടുകളും 2.23 കിലോ കഞ്ചാവും 4.65 ലക്ഷം രൂപയും സഹിതമാണ് ഇയാൾ പിടിയിലായത്.
മയക്കുമരുന്ന് ഓർഡർ ചെയ്തത് വിക്കർ എന്ന ഡാർക്ക് വെബിലൂടെത്തന്നെയായിരുന്നു. പുന ഭോസ്രിയിലെ പോസ്റ്റ് ഓഫീസ് വഴിയാണ് 5006 എൽഎസ്ഡി ബ്ലോട്ടുകൾ എത്തുന്നതെന്നും പറഞ്ഞു. നോയിഡയിൽനിന്നും കേരളത്തിൽനിന്നുമായി രണ്ടുപേർ കൂടി അറസ്റ്റിലായെന്ന് എൻസിബി വെളിപ്പെടുത്തി.
20 വർഷത്തിനിടെ നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണി തെന്നു എൻസി ബി നോർത്തേണ്‍ റീജൺ ഡെപ്യൂട്ടി ജനറൽ ഗ്യാനേശ്വർ സിംഗ് പറഞ്ഞു.
ഡാർക്ക് വെബ്
സെർച്ച് എൻജിനുകളുടെ കണ്ണിൽപ്പെടാത്തതുകൊണ്ടാണ് ഇന്റർനെറ്റിലെ അധോലോക വെബുകളെ ഡാർക്ക് വെബ് എന്നു വിളിക്കുന്നത്. സെർച്ച് എൻജിനുകൾക്ക് ഇൻഡെക്സിംഗ് ലഭിക്കാത്ത എൻക്രിപ്റ്റ് ചെയ്ത വെബ് ഉള്ളടക്കമാണ് ഇവയ്ക്കുള്ളത്.
അനധികൃതവസ്തുക്കൾ വിൽക്കുന്നതിനും നിരോധിത ഉള്ളടക്കം കൈമാറ്റം ചെയ്യുന്നതിനും മറ്റു ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഡാർക്ക് വെബ് ഉപയോഗിക്കാറുണ്ട്. പ്രത്യേക സോഫ്റ്റ്വേറുകൾ വഴിയാണ് ഇവയുടെ പ്രവർത്തനം. ടോർ പോലുള്ള സോഫ്റ്റ്വേയറുകൾ ഉപയോഗിച്ചാണ് ഇവ സർക്കാർ ഏജൻസികളുടെ നിരീക്ഷണ വലയത്തിൽ നിന്നു മറഞ്ഞുനിൽക്കുന്നത്.