ഒഡീഷ ട്രെയിൻ ദുരന്തം : സിബിഐ അന്വേഷണം തുടങ്ങി
Wednesday, June 7, 2023 12:49 AM IST
ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിൽ 278 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തെക്കുറിച്ച് സിബിഐ സംഘം അന്വേഷണം ആരംഭിച്ചു.
ഫോറൻസിക് വിദഗ്ധർക്കൊപ്പം തിങ്കളാഴ്ച ബാലസോറിലെത്തിയ സിബിഐ സംഘം ഇന്നലെ ഉച്ചയോടെ പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തശേഷം അന്വേഷണം തുടങ്ങുകയായിരുന്നു. തെളിവുകൾ ശേഖരിക്കുന്നതിനും സാക്ഷികളെ ചോദ്യംചെയ്യുന്നതിനും മൊഴി രേഖപ്പെടുത്തുന്നതിനും എഫ്ഐആർ സമർപ്പിക്കണമെന്നാണ് സിബിഐയുടെ ചട്ടത്തിൽ പറയുന്നത്.
ട്രെയിൻ ഗതാഗതം നിയന്ത്രിക്കുന്നതിൽ നിർണായകമായ ഇലക്ട്രോണിക് ഇന്റർലോക്കിംഗ് സംവിധാനത്തിൽ ക്രമക്കേട് നടന്നതായി പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് നേരത്തേ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം സിബിഐക്കു കൈമാറിയത്.
റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സിബിഐ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങുകയായിരുന്നു. അപകടത്തിൽ നാൽപതോളം പേരുടെ മരണം വൈദ്യുതാഘാതം മൂലമാണെന്ന് പ്രഥമവിവര റിപ്പോർട്ടിൽ സിബിഐ സൂചിപ്പിച്ചിട്ടുണ്ട്.
അപകടത്തിൽ തകർന്ന കോറമാണ്ഡൽ എക്സ്പ്രസിലെ മൃതദേഹങ്ങൾ പരിശോധിച്ചതിൽനിന്നാണ് ഈ നിഗമനം. വൈദ്യുതിലൈനുകൾ കോച്ചുകളിലേക്ക് പൊട്ടിവീണിരുന്നുവെന്നും പറയുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റാണ് കൂടുതൽപേരും മരിച്ചതെന്നും റിപ്പോർട്ടിലുണ്ട്.