കൽക്കരി കേസ്: അഭിഷേകിന്റെ ഭാര്യയെ ഇഡി ചോദ്യം ചെയ്തു
Friday, June 9, 2023 1:05 AM IST
കോൽക്കത്ത: അനധികൃത കൽക്കരി ഖനനക്കേസിൽ പശ്ചിബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും ടിഎംസി നേതാവുമായ അഭിഷേക് ബാനർജിയുടെ ഭാര്യ രുജിരയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാഴാഴ്ച നാലു മണിക്കൂർ ചോദ്യം ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12.40 ന് ഇഡി ഓഫീസിലെത്തിയ രുജിരയ്ക്കു മൂന്നു പേജുള്ള ചോദ്യാവലിയാണ് ഇഡി നൽകിയത്. ചില വിദേശ ബാങ്കുകളിലെ അക്കൗണ്ട് സംബന്ധിച്ച് അവരോട് ചോദിച്ചെന്നും അവരുടെ മൊഴി രേഖപ്പെടുത്തിയെന്നും അന്വേഷണസംഘം അറിയിച്ചു.
കൽക്കരിക്കേസിൽ രുജിരയെ ഇഡി ചോദ്യം ചെയ്തതു സംബന്ധിച്ചു പ്രതികരിക്കാൻ മമത ബാനർജി തയാറായില്ല. രണ്ടു കുട്ടികൾക്കൊപ്പം യുഎഇയിലേക്കു പോകാൻ തിങ്കളാഴ്ച കോൽക്കത്ത വിമാനത്താവളത്തിൽ എത്തിയ രുജിരയെ അന്വേഷണ സംഘം തടഞ്ഞിരുന്നു.
വ്യാഴാഴ്ച രാവിലെ 11 നു ചോദ്യം ചെയ്യലിനു ഹാജരാകാൻ സമൻസും നൽകി. അഭിഭാഷകനൊപ്പമാണ് രുജിര ഇഡി ഓഫീസിലെത്തിയത്. ചോദ്യം ചെയ്യലിനു ശേഷം 4.20 ഓടെ മടങ്ങി. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്പ് തന്റെ കുടുംബത്തെ അപമാനിക്കുന്നതിനുള്ള നീക്കമാണു നടക്കുന്നതെന്ന് ചോദ്യം ചെയ്യലിനെക്കുറിച്ച് അഭിഷേക് ബാനർജി പ്രതികരിച്ചു.