മണിപ്പുരിൽ വീണ്ടും സംഘർഷം; മൂന്നു കുക്കികൾ കൊല്ലപ്പെട്ടു
Wednesday, September 13, 2023 2:47 AM IST
ഇംഫാൽ: മണിപ്പുരിൽ മൂന്നു കുക്കി വിഭാഗക്കാരെ തീവ്രവാദികൾ വെടിവച്ചു കൊന്നു.
കാംഗ്പോക്പി ജില്ലയിൽ ഇന്നലെ രാവിലെ ഐറെംഗ്, കാരം വായ്ഫേയി ഗ്രാമങ്ങൾക്കു മധ്യേയായിരുന്നു ആക്രമണം.
പോൻലെനിൽനിന്നു ലെമെകോംഗിലേക്കു കുന്നിൻമുകളിലൂടെയുള്ള റോഡിലൂടെ യാത്ര തിരിച്ചവരെ സായുധ തീവ്രവാദികൾ വെടിവച്ചു കൊല്ലുകയായിരുന്നു. ഓട്ടോമാറ്റിക് തോക്കുകൾ ഉപയോഗിച്ചായിരുന്നു പോലീസ് യൂണിഫോമിലെത്തിയ തീവ്രവാദികൾ ആക്രമണം നടത്തിയത്. ഉടൻ സുരക്ഷാസേന സ്ഥലത്തെത്തി. ചുരാചന്ദ്പുരിലേക്കു പോകാൻ കുക്കികൾ ഉപയോഗിക്കുന്ന റോഡിലാണ് ആക്രമണം നടന്നത്.
ആക്രമണത്തെ ഗോത്രസംഘടനകളായ ഐടിഎൽഎഫ്, കമ്മിറ്റി ഓൺ ട്രൈബൽ യൂണിറ്റി(സിഒടിയു) എന്നിവ അപലപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ടെംഗ്നൗപാൽ ജില്ലയിൽ സംഘർഷത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. അന്പതിലേറെ പേർക്കു പരിക്കേറ്റു. മണിപ്പുർ സംഘർഷത്തിൽ ഇതുവരെ 180 പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്.
യഥാർഥ മരണസംഖ്യ ഇതിലും ഏറെയാണ്.