വനിതാ പ്രാതിനിധ്യം: 1971 വരെ 5% 2009 മുതൽ 10%
Wednesday, September 20, 2023 1:23 AM IST
ന്യൂഡൽഹി: 1971 വരെ ലോക്സഭയിൽ വനിതാ പ്രാതിനിധ്യം അഞ്ചു ശതമാനത്തിൽ താഴെയായിരുന്നു. ഇത് പത്തു ശതമാനമായി ഉയർന്നത് 2009ലായിരുന്നു. പിന്നിടങ്ങോട്ട് വനിതാ പ്രാതിനിധ്യം നേരിയ തോതിലെങ്കിലും ഉയർന്നുവരികയാണ്.
2019ലാണ് ഏറ്റവും അധികം വനിതകൾ ലോക്സഭയിലെത്തിയത്- 78 പേർ(ആകെ അംഗങ്ങളുടെ 15 ശതമാനം) രാജ്യസഭയിൽ ഇപ്പോൾ 24 വനിതകളുണ്ട്. ഉത്തർപ്രദേശിൽനിന്നും ബംഗാളിൽനിന്നുമാണ് 17-ാം ലോക്സഭയിൽ ഏറ്റവും കൂടുതൽ വനിതകൾ എത്തിയത്. ലോക്സഭയെ അപേക്ഷിച്ച് രാജ്യസഭയിൽ വനിതാ പ്രാതിനിധ്യം കുറവാണ്.
സംസ്ഥാന നിയമസഭകളിൽ വനിതാ പ്രാതിനിധ്യം പാർലമെന്റിലേക്കാൾ കുറവാണ്. ഭൂരിഭാഗം സംസ്ഥാന നിയമസഭകളിലും പത്തു ശതമാനത്തിൽ താഴെയാണ് വനിതാ എംഎൽഎമാർ. ഉത്തർപ്രദേശ്, ബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ബിഹാർ, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഡൽഹി സംസ്ഥാനങ്ങളിൽ ആകെ എംഎൽഎമാരിൽ പത്തു ശതമാനത്തിലേറെ വനിതകളാണ്.
അതേസമയം, കേരളമുൾപ്പെടെ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വനിതാ പ്രാതിനിധ്യം കുറവാണ്.