പുതിയ മന്ദിരത്തിൽ സഭാ നടപടികൾക്കു തുടക്കം
Wednesday, September 20, 2023 1:23 AM IST
രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ ഔദ്യോഗിക സഭാ നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാർ. പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ പാർലമെന്റ് അംഗങ്ങൾ ഗ്രൂപ്പ് ഫോട്ടോ എടുത്തതിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പുതിയ പാർലമെന്റ് മന്ദിരത്തിലേക്കു പ്രവേശിച്ചത്.
ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാർ ഇന്നലെ അവസാന ഗ്രൂപ്പ് ഫോട്ടോയ്ക്കായി പഴയ പാർലമെന്റ് ഹൗസിൽ ഒത്തുകൂടി. ഒരു നൂറ്റാണ്ടോളം നിയമനിർമാണത്തിന്റെ ഇരിപ്പിടമായി പ്രവർത്തിച്ച പഴയ പാർലമെന്റ് മന്ദിരം ഇനി സംവിധാൻ സദനായി പ്രവർത്തിക്കും.
പുതിയ കെട്ടിടം ഇന്ത്യയുടെ ഔദ്യോഗിക പാർലമെന്റായി പ്രവർത്തനം ആരംഭിച്ചതായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ ഔദ്യോഗിക വിജ്ഞാപനമിറക്കി. ഇരുസഭകളിലെയും അംഗങ്ങൾ ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം രാജ്യസഭാംഗങ്ങളും ലോക്സഭാ എംപിമാരും വെവ്വേറെ ഗ്രൂപ്പ് ഫോട്ടോകളും എടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരുവശത്തുമായി രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ, ലോക്സഭ സ്പീക്കർ ഓം ബിർള, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, രാജ്യസഭാ നേതാവും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രിയുമായ പിയൂഷ് ഗോയൽ എന്നിവരുമാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, ലോക്സഭയിലെ കോണ്ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, മുൻ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുതിർന്ന നേതാക്കളായ ശരദ് പവാർ (എൻസിപി), ഫാറൂഖ് അബ്ദുള്ള (എൻസി), ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരും ആദ്യ നിരയിൽ ഇരുന്നവരിൽ ഉൾപ്പെടുന്നു.
ഇതിനിടെ ബിജെപി രാജ്യസഭാംഗം നർഹരി അമിൻ ഗ്രൂപ്പ് ഫോട്ടോയ്ക്കായി നിൽക്കുന്പോൾ കുഴഞ്ഞു വീണു. ഗുജറാത്തിൽനിന്നുള്ള രാജ്യസഭാ എംപിയാണ് നർഹരി അമീൻ. കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മനീഷ് തിവാരിക്കൊപ്പം അവസാന നിരയിലാണ് നിന്നത്.
ഫോട്ടോ സെഷനു പിന്നാലെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് കാൽനടയായാണ് പ്രധാനമന്ത്രി എത്തിയത്. മറ്റ് എംപിമാർ അനുഗമിച്ചു.
ജെഎംഎം നേതാവ് ഷിബു സോറൻ, ബിജെപി എംപി മനേക ഗാന്ധി എന്നിവർ മുതിർന്ന പാർലമെന്റ് അംഗങ്ങളെന്ന നിലയിൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന പ്രത്യേക ചടങ്ങിൽ പ്രസംഗിച്ചു. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയോടെയാണ് പഴയ കെട്ടിടം വിടുന്നതെന്നും പഴയ പാർലമെന്റ് മന്ദിരത്തിൽ സേവനമനുഷ്ഠിച്ച എംപിമാരെ അഭിവാദ്യം ചെയ്യുന്നതായും മോദി പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കലും ജിഎസ്ടിയും ഉൾപ്പെടെ കഴിഞ്ഞ ഒന്പത് വർഷമായി പഴയ മന്ദിരത്തിൽ പാസാക്കിയ ബില്ലുകളെ കുറിച്ചും മോദി സംസാരിച്ചു.