വനിതാ ശക്തീകരണത്തിൽ കേരള മോഡൽ മാതൃക: തോമസ് ചാഴികാടൻ
Thursday, September 21, 2023 12:30 AM IST
ന്യൂഡൽഹി: വനിതാ ശക്തീകരണത്തിൽ കേരളം രാജ്യത്തിനു മാതൃകയാണെന്ന് തോമസ് ചാഴികാടൻ എംപി. പാർലമെന്റിൽ വനിതാ സംവരണ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ 73, 74 ഭേദഗതിക്കുശേഷം 1994 പഞ്ചായത്തീരാജ് നഗരപാലിക നിയമം കൊണ്ടുവന്നപ്പോൾ വനിതകൾക്ക് 33% സംവരണം ഏർപ്പെടുത്തി.
2009 ൽ അത് 50 ശതമാനമായി കേരളം ഉയർത്തി. ഇന്ന് 58 ശതമാനത്തോളം വനിതകൾ കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ അധികാരത്തിലിരിക്കുന്നു. വിദ്യാഭ്യാസരംഗത്തും പുരുഷന്മാരോടൊപ്പം കേരള വനിതകൾ തുല്യത നേടി.
ആരോഗ്യ സംരക്ഷണ കാര്യത്തിലും സാന്പത്തിക സ്വയംപര്യാപ്തതയുടെ കാര്യത്തിലും ആയുർദൈർഘ്യത്തിന്റെ കാര്യത്തിലുമെല്ലാം കേരള വനിതകൾ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.