സംവരണ കാലാവധി നീട്ടിയത് സുപ്രീംകോടതി പരിശോധിക്കും
Thursday, September 21, 2023 1:26 AM IST
ന്യൂഡൽഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി, പട്ടികവർഗ സമുദായങ്ങൾക്കു നൽകിയിട്ടുള്ള സംവരണത്തെ ചോദ്യം ചെയ്യുന്ന ഹർജികൾ അടുത്ത മാസം 21ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ എ.എസ്. ബൊപ്പണ്ണ, എം. എം.സുന്ദരേഷ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് എസ്സി/എസ്ടി വിഭാഗങ്ങൾക്കുള്ള രാഷ്ട്രീയ സംവരണം പത്തു വർഷത്തേക്കുകൂടി നീട്ടിയ 2019 ലെ ഭരണഘടനാ (104ാം) ഭേദഗതി നിയമത്തിന്റെ സാധുതയെക്കുറിച്ച് വാദം കേൾക്കുക.
എന്നാൽ, മുൻ ഭേദഗതികളിലൂടെ എസ്സി/എസ്ടി സംവരണത്തിന് നൽകിയ വിപുലീകരണങ്ങളുടെ സാധുതയിലേക്ക് കടക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഭേദഗതികൾ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നുണ്ടോ എന്നതാണു പ്രശ്നമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി. ആര്യാമ സുന്ദരം വാദിച്ചു.