പുതിയ പാർലമെന്റിൽ സർവത്ര ആശയക്കുഴപ്പം
Thursday, September 21, 2023 1:26 AM IST
ന്യൂഡൽഹി: പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ 971 കോടി രൂപ ചെലവിട്ടു നിർമിച്ച പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ രണ്ടു ദിവസങ്ങളിൽ ദിശയറിയാതെയും പച്ചവെള്ളം പോലും കുടിക്കാനാകാതെയും സന്ദർശകർ വലഞ്ഞു. ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാരും മന്ത്രിമാരും അവരുടെ സ്റ്റാഫും പത്രപ്രവർത്തകരും ജീവനക്കാരുമെല്ലാം ആശയക്കുഴപ്പത്തിലാണ്.
ദിശാസൂചികകളില്ല
ദിശയും മുറികളുടെ വിശദാംശങ്ങളും കൃത്യമായി വ്യക്തമാക്കുന്ന സൈൻ ബോർഡുകൾ പാർലമെന്റിനുള്ളിൽ എവിടെയും ഇല്ലാത്തതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നതെന്ന് എംപിമാർ പറഞ്ഞു. ലോക്സഭ, രാജ്യസഭ എന്നീ ബോർഡുകൾ ഇംഗ്ലീഷിലും ഹിന്ദിയിലും താഴത്തെ നിലയിൽ എംപിമാർ കയറുന്നിടത്തും ഒന്നാം നിലയിലെ സന്ദർശക ഗാലറിക്കു പുറത്തുമുണ്ട്. എന്നാൽ എങ്ങോട്ടു തിരിയണമെന്ന ദിശാസൂചിക ഇല്ല.
കെട്ടിടത്തിനുള്ളിലേക്ക് കടക്കുന്ന പ്രധാന വാതിലുകൾ മുതൽ സന്ദർശകരെത്തുന്ന റിസപ്ഷൻ വരെ ഒരിടത്തും കൃത്യമായ വിവരം നൽകുന്ന ബോർഡുകളോ ദിശ വ്യക്തമാക്കുന്ന സൂചികയോ ഇല്ല. ആഡംബര ഹോട്ടലിലോ ഷോപ്പിംഗ് മാളുകളിലോ കയറുന്നതുപോലെയാണ് തോന്നിയതെന്ന് മുൻ സിനിമാതാരവും എസ്പി എംപിയുമായ ജയാ ബച്ചൻ പറഞ്ഞു.
തിക്കി നിറച്ച് സീറ്റുകൾ
ലോക്സഭയിൽ 888 സീറ്റുകൾ തിക്കിനിറച്ചതു പോലെയാണു കാണുന്നത്. ദിവസം മുഴുവൻ ഇരിക്കാൻ സൗകര്യപ്രദമായ സീറ്റിംഗ് അല്ലെന്ന പരാതിയുമുണ്ട്. 300 സീറ്റുകളുള്ള പുതിയ രാജ്യസഭ വിശാലമാണ്. രണ്ടുപേർക്കു വീതം ഇരിക്കാവുന്ന സീറ്റുകളാണ് ഇരുസഭകളിലുമുള്ളത്. സഭയ്ക്കുള്ളിൽ തണുപ്പ് കൂടുതലാണെന്നും കുറയ്ക്കണമെന്ന് എംപിമാർ രേഖാമൂലം അഭ്യർഥിച്ചിട്ടുണ്ടെന്നും ഇന്നലെ ഉച്ചകഴിഞ്ഞ് സഭാധ്യക്ഷനായ ജഗദീപ് ധൻകർ സഭയെ അറിയിച്ചു. എസിയുടെ കൂളിംഗ് കുറയ്ക്കാൻ സെക്രട്ടറി ജനറലിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും മന്ത്രിമാരും എംപിമാരും പത്രപ്രവർത്തകരും സന്ദർശകരും ഉൾപ്പെടെയുള്ളവർക്കായി ആറു വ്യത്യസ്ത കവാടങ്ങൾ പുതിയ പാർലമെന്റ് മന്ദിരത്തിലുണ്ട്. ഗജ ദ്വാരം (ഗജ ദ്വാർ എന്നു ഹിന്ദി), അശ്വ ദ്വാരം, ഗരുഡ ദ്വാരം, മകരദ്വാരം, ശാർദൂല ദ്വാരം, ഹംസ ദ്വാരം എന്നിവയാണ് ആറു കവാടങ്ങൾ.
കവാടം ആർക്കൊക്കെ?
ഓരോ വാതിലിലും അതിന്റെ പേരിട്ടിരിക്കുന്ന ജീവിയുടെ ശില്പമുണ്ട്. ബുദ്ധി, ഓർമ, സന്പത്ത്, ജ്ഞാനം എന്നിവയെ പ്രതിനിധീകരിക്കുന്ന ആനയുടെ പേരിലാണു ഗജദ്വാർ എന്ന വിശദീകരണം നേരത്തേ നൽകിയിരുന്നു. എന്നാൽ ഗേറ്റിലൂടെ പ്രവേശനം ആർക്കാണ് അനുവദിച്ചിരിക്കുന്നതെന്നു വ്യക്തമല്ല.
ഏതു ദ്വാരത്തിലൂടെ ആർക്കാണു പ്രവേശനം എന്നു സൂചിപ്പിക്കുന്നതൊന്നും ബോർഡിലില്ല. മാധ്യമപ്രവർത്തകർക്കായി ആറാമത്തെ വാതിലായ ഹംസ ദ്വാർ ആണ്. പക്ഷേ ഹംസ ദ്വാർ മാധ്യമപ്രവർത്തകർക്കു വേണ്ടിയുള്ളതാണെന്ന് സൂചിപ്പിക്കുന്നതൊന്നും ആ വാതിലിലോ വശങ്ങളിലോ അകത്തോ പുറത്തോ ഇല്ല. എംപിമാർക്കും സന്ദശകർക്കും അടക്കമുള്ള മറ്റു കവാടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
അകത്തുകടന്നാൽ പെട്ടു!
ഗേറ്റ് കണ്ടെത്തി ഉള്ളിൽ കടന്നാലും ആകെ ആശയക്കുഴപ്പമാണ്. സംസ്കൃത, ഹിന്ദി പേരുകളുള്ള മുറികൾ കാണാമെങ്കിലും അതിനുള്ളിൽ എന്താണെന്നു വിശദീകരണമില്ല. ലിഫ്റ്റ് എവിടെയാണെന്നു കണ്ടെത്താനും പ്രയാസപ്പെടും.
എംപിമാർക്കു മാത്രമുള്ള ലോബിയുടെയോ കാന്റീനിന്റെയോ മുന്നിൽ പോലും അക്കാര്യം മനസിലാകില്ല. പതിറ്റാണ്ടുകളായി മാധ്യമപ്രവർത്തകർക്കായി പ്രത്യേകം ഉണ്ടായിരുന്ന കാന്റീൻ പുതിയതിൽ നിർത്തലാക്കി. നൂറുകണക്കിനു ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും സന്ദർശകരും തിരക്കുകൂട്ടുന്ന ജനറൽ കാന്റീനിൽ പോലും ഇടിച്ചാലാണു ഭക്ഷണം ലഭിക്കുക. സബ്ഡിഡി ഒട്ടുമില്ലാതെ ഹോട്ടൽ നിരക്കിലുള്ള കാന്റീനാണിത്.
കിട്ടാക്കനിയായി കുടിവെള്ളം
പുതിയ പാർലമെന്റ് മന്ദിരത്തിൽ കുടിവെള്ളം കിട്ടാനാണ് ഏറ്റവും പ്രയാസം. കുടിവെള്ളത്തിനായി പൈപ്പുകൾ ഉണ്ടെങ്കിലും പേപ്പർ ഗ്ലാസ് പോലുമില്ല. കാന്റീനിലും കുടിവെള്ളമില്ല.
മാധ്യമങ്ങൾക്കായുള്ള ഗാലറിയിൽ ഓരോ മാധ്യമത്തിനും നിജപ്പെടുത്തിയിരുന്ന പ്രത്യേക സീറ്റിംഗും പുതിയ കെട്ടിടത്തിലില്ല. ആദ്യദിവസം രാജ്യസഭാ മാധ്യമ ഗാലറിയിലെ ഒരു സീറ്റിലും പത്രപ്രവർത്തകർക്ക് ഒന്നും കേൾക്കാനായില്ല. ഹെഡ്സെറ്റുകൾ പ്രവർത്തിക്കാതായതിനെത്തുടർന്ന് ഇന്നലെ മറ്റൊരു ഗാലറിയാണ് പത്രപ്രവർത്തകർക്കു നൽകിയത്. ഒന്നിനും വ്യവസ്ഥയില്ലാത്ത ഗതികേടാണെന്നു മുതിർന്ന പത്രപ്രവർത്തകർ പരാതിപ്പെട്ടു.
സന്ദർശക പാസ് പഴയപടി
സന്ദർശകരുടെ സ്ഥിതിയും ഒട്ടും മെച്ചപ്പെട്ടില്ല. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും സ്കാനറുകളും മറ്റും ഏർപ്പെടുത്തിയെങ്കിലും പഴയതുപോലെ നീണ്ട ക്യൂ നിന്നാണു പാസ് സംഘടിപ്പിക്കുന്നത്. വനിതാ ബിൽ അവതരണം പ്രമാണിച്ച് ആദ്യ രണ്ടു ദിവസങ്ങളിൽ ബിജെപിയുടെ മഹിളാ മോർച്ച പ്രവർത്തകർ, വിവിധ ഹൈന്ദവ സ്ഥാപനങ്ങളിലെ സ്ത്രീകൾ, സ്കൂളുകളിലെയും കോളജുകളിലെയും വനിതാ അധ്യാപകർ, വിദ്യാർഥിനികൾ തുടങ്ങിയവർക്കായിരുന്നു ഗാലറിയിൽ പ്രവേശനം.