വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ആധാർ വേണ്ട
സ്വന്തം ലേഖകൻ
Friday, September 22, 2023 4:22 AM IST
ന്യൂഡൽഹി: വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് ആധാർ വിവരങ്ങൾ നൽകേണ്ടതില്ലെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ. പുതിയ വോട്ടർമാരുടെ വെരിഫിക്കേഷൻ ആവശ്യങ്ങൾക്കായി ആധാർ നന്പർ ആവശ്യപ്പെട്ടിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫോമുകൾ പിൻവലിക്കുമെന്നും കമ്മീഷൻ സുപ്രീംകോടതിക്ക് ഉറപ്പു നൽകി. വോട്ടർപട്ടിക രജിസ്ട്രേഷന്റെ അപേക്ഷയ്ക്കായുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ ഫോമുകളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുള്ള ഹർജിയിലാണ് കമ്മീഷന്റെ ഉറപ്പ്.
കോൺഗ്രസ് തെലുങ്കാന സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ജി.നിരഞ്ജനാണ് ഹർജി നൽകിയത്. വോട്ടർപട്ടിക അന്തിമമാക്കുന്ന പ്രക്രിയയിൽ 66,23,00,000 ആധാർ നന്പറുകൾ ഇതിനകം അപ്ലോഡ് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സുകുമാർ പട്ജോഷിയും അഭിഭാഷകൻ അമിത് ശർമയും വാദിച്ചു. തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ കോടതി റിട്ട് ഹർജി തീർപ്പാക്കി.
തെരഞ്ഞെടുപ്പ് ഐഡി കാർഡുമായി ആധാർ നന്പർ ബന്ധിപ്പിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതിനായി 2022 ജൂണിൽ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തതാണ് വോട്ടർമാരുടെ രജിസ്ട്രേഷൻ (ഭേദഗതി) ചട്ടം.