ബിജെപിയും അണ്ണാ ഡിഎംകെയും തമ്മിൽ ഒരു പ്രശ്നവുമില്ല: അണ്ണാമലൈ
Friday, September 22, 2023 4:22 AM IST
കോയന്പത്തൂർ: ബിജെപിയും അണ്ണാ ഡിഎംകെയും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് ബിജെപി തമിഴ്നാട് പ്രസിഡന്റ് കെ. അണ്ണാമലൈ. അണ്ണാ ഡിഎംകെ നേതാക്കളുമായി തനിക്കു പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎയിലെ സമാന ചിന്താഗതിക്കാരായ കക്ഷികളെ ബന്ധിപ്പിക്കുന്ന പൊതുകാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി പദത്തിലേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം അംഗീകരിക്കുന്ന എല്ലാവരും എൻഡിഎ സഖ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
അണ്ണാ എഡിഎംകെ അത് അംഗീകരിക്കുന്നുണ്ടെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു. ദ്രാവിഡ ഐക്കണും അന്തരിച്ച മുഖ്യമന്ത്രിയുമായ സി. എൻ. അണ്ണാദുരൈയെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും 1956ലെ ഒരു സംഭവം മാത്രമാണ് താൻ പറഞ്ഞതെന്നും അണ്ണാമലൈ ആവർത്തിച്ചു. അന്തരിച്ച ഡിഎംകെ നേതാവ് എം. കരുണാനിധി 1998ൽ മുഖ്യമന്ത്രിയായിരിക്കെ ഇതേ സംഭവം അനുസ്മരിച്ചിരുന്നെന്നും അതുകൊണ്ട് ഖേദം പ്രകടപ്പിക്കേണ്ട ആവശ്യമില്ലെന്നും അണ്ണാമലൈ വ്യക്തമാക്കി.