എട്ടുവർഷം മുന്‍പത്തെ മയക്കുമരുന്നു കേസിൽ കോണ്‍ഗ്രസ് എംഎൽഎ അറസ്റ്റിൽ
Friday, September 29, 2023 3:08 AM IST
ന്യൂഡൽഹി: പഞ്ചാബിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും പ്രതിപക്ഷമായ കോൺഗ്രസും തമ്മിലുള്ള ഭിന്നത തുടരവേ എട്ടു വർഷം മുന്‍പത്തെ മയക്കുമരുന്നു കേസിൽ കോണ്‍ഗ്രസ് എംഎൽഎയെ അറസ്റ്റ് ചെയ്തത് വിവാദമായി.
ഭോലാത്ത് മണ്ഡലത്തിൽനിന്നുള്ള എംഎൽഎയും ഓൾ ഇന്ത്യ കിസാൻ കോണ്‍ഗ്രസ് ചെയർമാനുമായ സുഖ്ദീപ് സിംഗ് ഖൈറയെയാണ് അറസ്റ്റ് ചെയ്തത്. ചണ്ഡീഗഡിലെ വസതിയിൽ നടത്തിയ റെയ്ഡിനു പിന്നാലെയായിരുന്നു അറസ്റ്റ്.
നാർകോട്ടിക് ആക്ടനുസരിച്ച് എട്ടു വർഷം മുന്‍പ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഖൈറയുടെ സെക്ടർ 5 വസതിയിൽ ജലാലാബാദ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇന്നലെ രാവിലെയാണു റെയ്ഡ് നടത്തിയത്.
എംഎൽഎയുടെ ഫേസ് ബുക്ക് പേജിൽ തത്സമയം പങ്കുവച്ച റെയ്ഡിന്റെ ദൃശ്യങ്ങളിൽ പോലീസുമായി എംഎൽഎ തർക്കിക്കുന്നതും പോലീസിനോട് വാറണ്ട് ആവശ്യപ്പെടുന്നതും കാണാമായിരുന്നു.
പഴയ എൻഡിപിഎസ് കേസിലാണ് അറസ്റ്റെന്ന് ജലാലാബാദ് ഡിഎസ്പി അചുരാം ശർമ എംഎൽഎയോട് പറഞ്ഞു. എന്നാൽ, കേസ് സുപ്രീംകോടതി റദ്ദാക്കിയതാണെന്ന് എംഎൽഎ മറുപടി നൽകി.
ലഹരിക്കടത്ത് സംബന്ധിച്ച് എംഎൽഎയ്ക്കെതിരേ തെളിവു ലഭിച്ചെന്ന് പോലീസ് പറഞ്ഞെങ്കിലും അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നാണ് എംഎൽഎയുടെ ആരോപണം. അറസ്റ്റിനെതിരേ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തുവന്നു. അനീതി കാണിക്കുന്നവരോട് സന്ധിയില്ലെന്ന് ഖാർഗെ വ്യക്തമാക്കി.