ലോകകപ്പ് ക്രിക്കറ്റിനു നേരേ ഭീഷണി ; ഖലിസ്ഥാൻ ഭീകരൻ ഗുർപട്വന്ത് പന്നൂന്‍ എതിരേ കേസ്
Saturday, September 30, 2023 1:28 AM IST
അഹമ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പിനെതിരേ ഭീഷണി മുഴക്കിയ ഖലിസ്ഥാൻ നേതാവ് ഗുർപട്വന്ത് സിംഗ് പന്നൂനെതിരേ ഗുജറാത്ത് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ഒക്ടോബർ അഞ്ചിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് മത്സരം "വേൾഡ് ടെറർ കപ്പി’ന്റെ ആരംഭമാണെന്നും സിക്ക്സ് ഫോർ ജസ്റ്റീസ് പ്രവർത്തകർ ഖലിസ്ഥാൻ പതാകകളുമായി അഹമ്മദാബാദ് സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറുമെന്നുമായിരുന്നു ഗുർപട്വന്ത് സിംഗിന്റെ ഭീഷണി.
സിക്ക്സ് ഫോർ ജസ്റ്റീസ് അധ്യക്ഷനാണ് ഗുർപട്വന്ത് സിംഗ്. അഹമ്മദാബാദ് ക്രൈം ബ്രാഞ്ചാണ് ഇയാൾക്കെതിരേ കേസെടുത്തത്. വിദേശത്തുള്ള നന്പറിൽനിന്ന് നിരവധി പേർക്ക് ഗുർപട്വന്ത് സിംഗിന്റെ ശബ്ദസന്ദേശം ലഭിച്ചുവെന്ന് പോലീസ് അറിയിച്ചു.
ഭീകരനായി ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ള പന്നൂനിന്റെ പഞ്ചാബിലെ സ്വത്തുക്കൾ ഈയിടെ കണ്ടുകെട്ടിയിരുന്നു. കാനഡ കേന്ദ്രീകരിച്ചാണ് ഇയാൾ ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തുന്നത്.