നടൻ വിശാലിന്റെ കൈക്കൂലി ആരോപണം: വാർത്താവിതരണ മന്ത്രാലയം അന്വേഷിക്കും
Saturday, September 30, 2023 1:28 AM IST
ന്യൂഡൽഹി: തന്റെ ചിത്രം " മാർക്ക് ആന്റണി’യുടെ സെൻസർ ബോർഡ് സർട്ടിഫിക്കറ്റിന് സിബിഎഫ്സിയുടെ മുംബൈ ഓഫീസിൽ 6.5 ലക്ഷം രൂപ കൈക്കൂലി നല്കേണ്ടിവന്നെന്ന നടൻ വിശാലിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് സത്വര അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. മുതിർന്ന ഉദ്യോഗസ്ഥനെ മുംബൈയിലേക്ക് അയച്ചു.
മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യാൻ മൂന്നു ലക്ഷവും യു/എ സർട്ടിഫിക്കറ്റിന് മൂന്നര ലക്ഷവും താൻ നല്‍കിയെന്നായിരുന്നു വിശാൽ വ്യാഴാഴ്ച സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. പണം കൈമാറിയ അക്കൗണ്ട് വിവരങ്ങളും നടൻ പുറത്തുവിട്ടിരുന്നു.
സെൻസർ ക്ലിയറൻസിനായി സിനിമാപ്രവർത്തകർ പണം നല്‍കുന്നത് സിബിഎഫ്സി ഓഫീസിൽ പതിവാണെന്ന് ഒരു വനിതാ ഉദ്യോഗസ്ഥ പറഞ്ഞുവെന്നും വിശാൽ വെളിപ്പെടുത്തിയിരുന്നു. ""ഞങ്ങൾക്കു മുന്പിൽ വേറെ വഴികളില്ലായിരുന്നു. അതിനാൽ രണ്ട് തവണകളായി പണം നല്കി സർട്ടിഫിക്കറ്റ് നേടി.
ഇന്ന് എന്റെ സിനിമ ഉത്തരേന്ത്യയിൽ റിലീസ് ചെയ്തു. എന്നാൽ, ഏറെ സങ്കടമുള്ള കാര്യങ്ങളാണു നടന്നത്''-വിശാൽ എക്സിൽ കുറിച്ചു. സിബിഎഫ്സി മുംബൈ ഓഫീസിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയോടും വിശാൽ അഭ്യർഥിച്ചിരുന്നു.
അധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത വിശാൽ ചിത്രം മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പ് വ്യാഴാഴ്ചയാണ് റിലീസ് ചെയ്തത്. എസ്.ജെ. സൂര്യ, ഋതു വർമ, സുനിൽ, സെൽവരാഘവൻ, അഭിനയ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.