ശുചിത്വ ഭാരതത്തിനായി ചൂലെടുത്ത് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ
Monday, October 2, 2023 4:24 AM IST
ന്യൂഡൽഹി: ശുചിത്വ ഭാരതത്തിനായി "സ്വച്ഛതാ ഹി സേവ’ കാന്പയിനു തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിജയന്തിക്കു മുന്നോടിയായി ഇന്നലെ പ്രമുഖ ഗുസ്തിതാരമായ അങ്കിത് ബയൻപുരിയയ്ക്ക് ഒപ്പമാണ് പ്രധാനമന്ത്രി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായത്. ആരോഗ്യസംരക്ഷണം, പരിസരശുചിത്വം എന്നിവയെക്കുറിച്ച് ഇരുവരും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു.
ഒന്നാം തീയതി ഒരു മണിക്കൂർ ഒന്നിച്ച് - "ഏക് താരീഖ് ഏക് ഘണ്ടാ ഏക് സാഥ്'എന്ന പരിപാടിയുടെ ഭാഗമായി രാജ്യത്തുടനീളം ഇന്നലെ ശുചിത്വ യജ്ഞങ്ങൾ സംഘടിപ്പിച്ചു. ജന്മദിനത്തലേന്ന് ബാപ്പുവിന് ആദരാഞ്ജലിഅർപ്പിക്കാൻ രാവിലെ പത്തുമുതൽ ആരംഭിക്കുന്ന ശുചിത്വ യജ്ഞത്തിൽ പൗരന്മാർ പങ്കാളികളാകണമെന്ന് മോദി അഭ്യർഥിച്ചിരുന്നു. കഴിഞ്ഞ ലക്കത്തിലെ "മൻ കി ബാത്തി'ലും പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തുടനീളമുള്ള മാർക്കറ്റുകൾ, റെയിൽവേ ട്രാക്കുകൾ, ജലാശയങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ ശുചീകരണത്തിൽ വിവിധ മേഖലകളിൽനിന്നുള്ളവരാണ് പങ്കെടുത്തത്. ഡൽഹിയിൽ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രിമാരായ ഭൂപേന്ദർ യാദവ്, ധർമേന്ദ്ര പ്രധാൻ, ഡോ. ജിതേന്ദ്ര സിംഗ്, ഹർദീപ് സിംഗ് പുരി, മീനാക്ഷി ലേഖി, രാജീവ് ചന്ദ്രശേഖർ എന്നിവരും പങ്കെടുത്തു.
രാജ്യത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി 6.4 ലക്ഷത്തിലധികം സ്ഥലങ്ങളാണ് ശുചീകരണ യജ്ഞത്തിനായി തെരഞ്ഞെടുത്തത്. ഒരു ലക്ഷത്തോളം പാർപ്പിട മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിരവധി റെസിഡന്റ് വെൽഫെയർ അസോസിയേഷനുകളും മുന്നോട്ടുവന്നു. കരസേന, നാവികസേന, വ്യോമസേന ഉദ്യോഗസ്ഥർ, ദേശീയ ദുരന്ത പ്രതികരണ സേന എന്നിവരും ശുചീകരണയജ്ഞത്തിൽ സാധാരണക്കാരുമായി കൈകോർത്തു.