അനിശ്ചിതകാല അടച്ചിടൽ പിൻവലിച്ച് കുക്കി സംഘടന
Wednesday, October 4, 2023 12:28 AM IST
ഇംഫാൽ: മണിപ്പുരിൽ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ട കേസിൽ നാലു പേരെ സിബിഐ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കുക്കി സംഘടനകൾ ചുരാചന്ദ്പുര്‍ ജില്ലയിൽ ആഹ്വാനം ചെയ്ത അനിശ്ചിതകാല അടച്ചിടൽ പിൻവലിച്ചു.
കുക്കി സംഘടനയായ ഇൻഡിജനസ് ട്രൈബൽ ലീഡേഴ്സ് ഫോറം(ഐടിഎൽഎഫ്) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും രൂക്ഷമായ പ്രതിഷേധം ആവശ്യമാണോയെന്നു പിന്നീട് തീരുമാനിക്കുമെന്നും സംഘടന അറിയിച്ചു.
രണ്ടു ദിവസം മുന്‍പാണ് ചുരാചന്ദ്പുരിൽ അനിശ്ചിതകാല അടച്ചിടൽ ആരംഭിച്ചത്. ഐടിഎൽഎഫ് വനിതാ വിഭാഗത്തിന്റെ ധർണ അടുത്തയാഴ്ച പുനരാംഭിക്കും.