നായിഡുവിന് തത്കാലം ജാമ്യമില്ല
Wednesday, October 4, 2023 1:38 AM IST
ന്യൂഡൽഹി: നൈപുണ്യ വികസന അഴിമതി കേസുമായി ബന്ധപ്പെട്ട എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സമർപ്പിച്ച ഹർജി സുപ്രീംകോടതി ഒൻപതിലേക്ക് മാറ്റി. ഹൈക്കോടതിയിൽ സമർപ്പിച്ച മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.
അഴിമതി നിരോധന നിയമത്തിന്റെ 17 എ വകുപ്പ് ഈ കേസിൽ ബാധകമാണോയെന്ന വിഷയത്തിലാണ് സുപ്രീംകോടതിയിൽ ഇന്നലെ വിശദമായ വാദം നടന്നത്. ഈ വകുപ്പ് അനുസരിച്ച് ഒരു പൊതുപ്രവർത്തകനെതിരേയുള്ള അഴിമതി ആരോപണങ്ങളുടെ അന്വേഷണത്തിന് പോലീസ് ഉദ്യോഗസ്ഥർക്ക് ഗവർണറുടെ മുൻകൂർ അനുമതി നേടേണ്ടതുണ്ട്.
എന്നാൽ ഭേദഗതി പ്രാബല്യത്തിൽ വന്ന 2018 ജൂലൈക്കു മുന്പ് ചെയ്ത കുറ്റകൃത്യങ്ങൾക്ക് സെകഷൻ 17 എ ബാധകമാക്കാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ആന്ധ്രപ്രദേശ് ഹൈക്കോടതി ഹർജി തള്ളിയത്.