സിബിഎസ്ഇ ബോർഡ് പരീക്ഷ: ആകെ മാർക്ക് ഇനി നൽകില്ല
Saturday, December 2, 2023 2:03 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ) 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ ഇനി വിദ്യാർഥികൾക്ക് ഡിസ്റ്റിംഗ്ഷനോ, ഡിവിഷനോ ആകെ മാർക്കോ ശതമാനമോ നൽകില്ല.
പരീക്ഷയിലെ മാർക്കിന്റെ ശതമാനം ഉന്നതവിദ്യാഭ്യാസത്തിന് ആവശ്യമെങ്കിൽ പ്രവേശനം നേടുന്ന കോളജുകൾക്കു മാർക്കു കണക്കാക്കാം. ജോലിക്ക് ആവശ്യമെങ്കിലും സ്ഥിതി ഇതുതന്നെ.
വിദ്യാർഥികളുടെ മാർക്ക് കണക്കാക്കുന്നതിനുള്ള മികച്ച അഞ്ചു വിഷയങ്ങൾ തീരുമാനിക്കുന്നതും പ്രവേശനം നേടുന്ന കോളജിൽ മാത്രമായിരിക്കുമെന്നും സിബിഎസ്ഇ പരീക്ഷാ കണ്ട്രോളർ സന്യം ഭരദ്വാജ് അറിയിച്ചു. അഞ്ചിൽ കൂടുതൽ വിഷയങ്ങൾ വിദ്യാർഥി എഴുതിയിട്ടുണ്ടെങ്കിൽ ഏറ്റവും മികച്ച അഞ്ചു വിഷയങ്ങൾ അഡ്മിഷൻ നൽകുന്ന സ്ഥാപനത്തിനോ തൊഴിലുടമയ്ക്കോ തെരഞ്ഞെടുക്കാം.
ഉയർന്ന വിദ്യാഭ്യാസത്തിനും ജോലിക്കും മാർക്കിന്റെ ശതമാനം ആവശ്യമാണെങ്കിൽ അതാതു സ്ഥാപനത്തിനോ തൊഴിലുടമയ്ക്കോ കണക്കുകൂട്ടൽ നടത്താം.
പരീക്ഷയിലെ ശതമാനം മേലിൽ സിബിഎസ്ഇ ബോർഡ് കണക്കാക്കുകയോ പ്രഖ്യാപിക്കുകയോ അറിയിക്കുകയോ ചെയ്യില്ല.
വിദ്യാർഥികളിലെ അനാവശ്യ മത്സരവും മാനസിക സംഘർഷവും ഒഴിവാക്കാനാണു തീരുമാനമെന്നാണു വിശദീകരണം. ബോർഡ് പരീക്ഷകളിലെ വിദ്യാർഥികളുടെ ശതമാനം കണക്കാക്കുന്നതിനുള്ള മാനദണ്ഡം ചോദ്യം ചെയ്ത വിവിധ വ്യക്തികൾക്കുള്ള മറുപടിയായാണു സിബിഎസ്ഇ വിവരം അറിയിച്ചത്.
പത്ത്, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുന്പോൾ വിദ്യാർഥികളുടെ മെറിറ്റ് ലിസ്റ്റ് നൽകേണ്ടതില്ലെന്ന് സിബിഎസ്ഇ കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു. 10, 12 ക്ലാസുകളിലെ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയവരെയും ബോർഡ് പ്രഖ്യാപിച്ചിരുന്നില്ല. സിബിഎസ്ഇ 10, 12 ക്ലാസുകളിലെ അടുത്ത ബോർഡ് പരീക്ഷകൾ ഫെബ്രുവരി 15 മുതലാണ് ആരംഭിക്കുക.