പാർലമെന്റ് ശീതകാല സമ്മേളനം നാളെ ആരംഭിക്കും
Sunday, December 3, 2023 1:28 AM IST
സെബിൻ ജോസഫ്
ന്യൂഡൽഹി: ശീതകാല സമ്മേളനത്തിൽ ക്രിയാത്മക ചർച്ചകൾക്ക് കേന്ദ്രസർക്കാർ തയാറാണെന്ന് പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി. സമ്മേളനം സുഗമായി നടക്കുന്നതിന് പ്രതിപക്ഷപാർട്ടികൾ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സമ്മേളനം നാളെ ആരംഭിക്കും.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന സർവകക്ഷിയോഗത്തിൽ 23 പാർട്ടികളിൽനിന്നായി 30 നേതാക്കൾ പങ്കെടുത്തു.
ഡിസംബർ 22 വരെ നടക്കുന്ന സമ്മേളത്തിന് 15 സിറ്റിംഗുകളുണ്ടാകും. പതിവുപോലെ ശൂന്യവേള ഉണ്ടായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പാർലമെന്റിലെ ലൈബ്രറി ബിൽഡിംഗിലാണ് സർവകക്ഷിയോഗം ചേർന്നത്.
യോഗത്തിൽ പാർലമെന്റിറികാര്യമന്ത്രി പ്രഹ്ലാദ് ജോഷി, നിയമ-പാർലമെന്ററികാര്യ സഹമന്ത്രി അർജുൻ റാം മേഘ്വാൾ വ്യവസായമന്ത്രി പിയൂഷ് ഗോയൽ, കോണ്ഗ്രസ് നേതാക്കളായ ജയ്റാം രമേശ്, ഗൗരവ് ഗഗോയി, പ്രമോദ് തിവാരി, സുദീപ് ബന്ദോപാധ്യായ (തൃണമൂൽ കോണ്ഗ്രസ്), ഫൗസിയ ഖാൻ (എൻസിപി), എൻ.കെ. പ്രേമചന്ദ്രൻ (ആർഎസ്പി), എളമരം കരീം (സിപിഎം), പി. സന്തോഷ് കുമാർ (സിപിഐ) എന്നിവർ പങ്കെടുത്തു. കൊച്ചിയിൽനിന്നുള്ള വിമാനം റദ്ദാക്കിയതിനാൽ കേരള കോണ്ഗ്രസ്-എം നേതാവ് ജോസ് കെ. മാണി അടക്കമുള്ളവർക്ക് യോഗത്തിൽ പങ്കെടുക്കാനായില്ല.
ഇന്ത്യൻ പീനൽ കോഡ്, എവിഡൻസ് ആക്ട്, സിആർപിസി എന്നീ ക്രിമിനൽ നിയമങ്ങളുടെ പേരുകൾ ഹിന്ദിയിലാക്കാനുള്ള പുതിയ നിയമഭേദഗതി പുനഃപരിശോധിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. അദാനി കുംഭകോണ വിഷയവും മണിപ്പുർ വിഷയവും ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്ന് പി. സന്തോഷ് കുമാർ ആരോപിച്ചു.
പലസ്തീൻ-ഇസ്രയേൽ സംഘർഷവും ഇന്ത്യയുടെ നിലപാടും പാർലമെന്റിൽ ചർച്ചചെയ്യണമെന്ന് പ്രതിപക്ഷ നേതാക്കൾ സർവകക്ഷിയോഗത്തിൽ ആവശ്യപ്പെട്ടു. 37 ബില്ലുകളാണ് പാർലമെന്റിന്റെ പരിഗണനയിലുള്ളത്. ഇതിൽ 12 എണ്ണം പാസാക്കിയെടുക്കാനാണ് സർക്കാരിന്റെ തീരുമാനം. 17-ാം ലോക്സഭയുടെ 14-ാം സമ്മേളനവും രാജ്യസഭയുടെ 262-ാം സമ്മേളനവുമാണിത്.
ചോദ്യത്തിനു കോഴ വിവാദത്തിൽ തൃണമൂൽ കോണ്ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്തെിരേയുള്ള പാർലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ട് ലോക്സഭയുടെ മേശപ്പുറത്ത് വയ്ക്കും.