ഗുജറാത്തിൽ കോൺഗ്രസിനു തിരിച്ചടി; മുൻ കേന്ദ്രമന്ത്രി നരൻ രത്വ ബിജെപിയിൽ
Wednesday, February 28, 2024 2:59 AM IST
ഗാന്ധിനഗർ: ഗുജറാത്തിൽ കോൺഗ്രസിനു വൻ തിരിച്ചടി. മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ നരൻ രത്വ ബിജെപിയിൽ ചേർന്നു. ഛോട്ടാ ഉദയ്പുർ മേഖലയിൽനിന്നുള്ള പ്രമുഖ ആദിവാസി നേതാവാണ് നരൻ രത്വ. അഞ്ചു തവണ ഇദ്ദേഹം ലോക്സഭാംഗമായി.
1989ലാണ് ആദ്യവിജയം. 1991, 1996, 1998, 2004 തെരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിച്ചു. രത്വയുടെ മകൻ സംഗ്രാംസിംഗ് 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഛോട്ടോ ഉദയ്പുർ സീറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സംഗ്രാംസിംഗും ബിജെപിയിൽ ചേർന്നു.
ഒന്നാം യുപിഎ സർക്കാരിൽ റെയിൽവേ സഹമന്ത്രിയായിരുന്നു നരൻ രത്വ. 2009 ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.