ബംഗാളിൽ സഖ്യമില്ലെന്നു കോണ്‍ഗ്രസ്
Wednesday, February 28, 2024 2:59 AM IST
ന്യൂഡൽഹി: ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസിന്റെ സഹായം ആവശ്യമില്ലെന്നും ഒറ്റയ്ക്കു മത്സരിക്കാനുള്ള ആലോചനയുമായി പാർട്ടി സംസ്ഥാന ഘടകം മുന്നോട്ടു പോകുകയാണെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി. കേന്ദ്ര അന്വേഷണ ഏജൻസികളെ ഭയന്നാണു മമത സഖ്യം വേണ്ടെന്നു വച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബംഗാളിൽ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് തൃണമൂൽ കോണ്‍ഗ്രസാണ്. സഖ്യമുണ്ടാകുമെന്ന സൂചനകളാണ് ആദ്യം മമത ബാനർജിയും ഡെറിക് ഒബ്രിയാനും നൽകിയത്. എന്നാൽ പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എംപി തങ്ങൾ ഒറ്റയ്ക്കു മത്സരിക്കുമെന്ന് വ്യക്തമാക്കി രംഗത്തു വരികയായിരുന്നു.
ആകെയുള്ള 42 സീറ്റിൽ അഞ്ചെണ്ണം കോണ്‍ഗ്രസിനു നൽകാമെന്നായിരുന്നു ആദ്യം തൃണമൂൽ അറിയിച്ചത്. പിന്നീട് അത് രണ്ടു സീറ്റാക്കി. ഒടുവിൽ ഒരു സീറ്റുപോലും തരില്ലെന്നു പറഞ്ഞു പിന്മാറി. ഇതംഗീകരിക്കാൻ കഴിയില്ല-അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി.
കോണ്‍ഗ്രസുമായി സഖ്യചർച്ചകൾ തുടരണമെന്നാവശ്യപ്പെട്ട് എസ്പി അധ്യക്ഷൻ അഖിലേഷ് മമത ബാനർജിയെ ഫോണിൽ വിളിച്ചു സംസാരിച്ചു.