പ്രണയവിവാഹത്തെച്ചൊല്ലി സംഘർഷം; നവവരനടക്കം മൂന്നു പേർ കൊല്ലപ്പെട്ടു
Thursday, February 29, 2024 12:32 AM IST
മുസാഫർനഗർ: യുപിയിൽ പ്രണയവിവാഹത്തെച്ചൊല്ലിയുള്ള സംഘർഷത്തിൽ നവവരനടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. ഒരാൾക്കു പരിക്കേറ്റു. അങ്കിത് (25), രോഹിത് (29) രാഹുൽ (27) എന്നിവരാണ് കൊല്ലപ്പെട്ടത്. ഫുലാത്ത് ഗ്രാമത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.
ഒരേ ജാതിയിൽപ്പെട്ടവരാണ് ഏറ്റുമുട്ടിയതെന്ന് പോലീസ് വ്യക്തമാക്കി. ഹരിമോഹൻ എന്നയാളുടെ മകളെ അങ്കിത് വിവാഹം കഴിച്ചതാണ് സംഘർഷത്തിലേക്കു നയിച്ചത്. പെൺവീട്ടുകാർക്ക് ഈ വിവാഹത്തിൽ എതിർപ്പുണ്ടായിരുന്നു. ചൊവ്വാഴ്ച അങ്കിതും ഹരിമോഹനും തമ്മിലുള്ള വാക്കുതർക്കം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രാജു, മോനു, ഗോവർധൻ എന്നിവർക്കെതിരേ കേസെടുത്തതായി സീനിയർ പോലീസ് സൂപ്രണ്ട് അഭിഷേക് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും മുൻകരുതൽ നടപടിയായി ഗ്രാമത്തിൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും എസ്എസ്പി കൂട്ടിച്ചേർത്തു.