അനധികൃത ഖനന കേസ്: അഖിലേഷിനു സിബിഐ നോട്ടീസ്
Thursday, February 29, 2024 12:32 AM IST
ലക്നോ: സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് നോട്ടീസയച്ച് സിബിഐ. കേസിൽ മൊഴി നൽകാൻ ഇന്ന് ഹാജരാകാനാണ് അഖിലേഷിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ എസ്പി നേതാവിനെ സാക്ഷിയായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി സമാജ്വാദി പാർട്ടിയെ ലക്ഷ്യംവയ്ക്കുകയാണെന്ന് അഖിലേഷ് ആരോപിച്ചു.
2019ൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്താണ് കേസിൽ ആദ്യമായി നോട്ടീസ് ലഭിച്ചത്. ഇപ്പോൾ വീണ്ടും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അടുത്ത നോട്ടീസും ലഭിച്ചിരിക്കുന്നു. എപ്പോഴൊക്കെ തെഞ്ഞെടുപ്പ് വരുമോ അപ്പോഴൊക്കെ നോട്ടീസും ലഭിക്കും.
കഴിഞ്ഞ 10 വർഷം നിങ്ങൾ നിരവധി കാര്യങ്ങൾ ചെയ്തുവെന്നാണല്ലോ അവകാശപ്പെടുന്നത്. പിന്നയെന്തിനാണ് ആശങ്കയെന്നും അഖിലേഷ് ചോദിച്ചു. പ്രധാനമന്ത്രി ഇവിടെ വിമാനമിറങ്ങിയത് എക്സ്പ്രസ് വേയിലാണ്. ഈ പാത നിർമിച്ചത് സമാജ്വാദി പാർട്ടിയുടെ ഭരണത്തിലാണ്. എന്തുകൊണ്ടാണ് ഹെർക്കുലീസ് വിമാനങ്ങൾ ഇറങ്ങാൻ കഴിയുന്ന ഹൈവേകൾ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ നിങ്ങൾക്കു നിർമിക്കാൻ കഴിയാത്തതെന്നും അഖിലേഷ് ചോദിച്ചു.