സന്ദേശ്ഖാലി: തൃണമൂൽ നേതാവ് ഷാജഹാൻ അറസ്റ്റിൽ
Friday, March 1, 2024 2:29 AM IST
കോൽക്കത്ത: സന്ദേശ്ഖാലിയിൽ ഭൂമി ബലം പ്രയോഗിച്ച് കൈവശപ്പെടുത്തുകയും സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന തൃണമൂൽ കോണ്ഗ്രസ് നേതാവ് ഷാജഹാൻ ഷേക്ക് പിടിയിലായി.
മുഖ്യപ്രതിയുടെ അറസ്റ്റ് വൈകുന്നതിനെതിരേ സ്ത്രീകളുടെ ശക്തമായ പ്രക്ഷോഭം 55 ദിവസം പിന്നിടുന്പോഴാണ് സന്ദേശ്ഖാലിയിൽനിന്ന് 30 കിലോമീറ്റർ അകലെ ബമൻപുകുറിലെ ഒരു വീട്ടിൽനിന്ന് കൂട്ടാളികൾക്കൊപ്പം ഇയാളെ പിടികൂടിയതായി എഡിജിപി സുപ്രതിം സർക്കാർ ഇന്നലെ രാവിലെ അറിയിച്ചത്.
ബസിർഹതിലെ കോടതിയിൽ ഹാജരാക്കിയ ഷാജഹാനെ 10 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സിഐഡി ഉദ്യോഗസ്ഥർ ഷാജഹാനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ് കൂട്ടമാനഭംഗം ഉൾപ്പെടെ നൂറിലധികം പരാതികളാണ് ഷാജഹാനെതിരേയുള്ളത്.
കേസിലെ മറ്റു പ്രതികളായ അജിത് മെയ്തി, ഷിബപ്രസാദ് ഹസ്ര, ഉത്തം സർദാർ എന്നിവരെ പോലീസ് നേരത്തേ പിടികൂടിയിരുന്നു. ഷാജഹാനെ അറസ്റ്റ് ചെയ്യാൻ ഗവർണർ സി.വി. ആനന്ദബോസ് 72 മണിക്കൂർ അന്ത്യശാസനം നല്കിയിരുന്നു.
""ഒരു ടണലിന്റെ അങ്ങേയറ്റത്ത് വെളിച്ചമുണ്ടാകും. ഇതു പുതുയുഗപ്പിറവിയാണ്. ബംഗാളിലെ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു. ഗുണ്ടകളാണ് സംസ്ഥാനം ഭരിക്കുന്നത്. ഇവരെ തുറുങ്കിലടയ്ക്കണം''- എന്നായിരുന്നു അറസ്റ്റിനോടുള്ള ഗവർണറുടെ ആദ്യ പ്രതികരണം.