"ഓപ്പറേഷൻ താമര’ പൊളിച്ചത് പ്രിയങ്കയുടെ ഇടപെടൽ
Friday, March 1, 2024 2:29 AM IST
ന്യൂഡൽഹി: ഹിമാചൽപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ രക്ഷപ്പെടുത്താൻ നിർണായക ഇടപെടൽ നടത്തിയത് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു, മറ്റു മുതിർന്ന നേതാക്കൾ എന്നിവരുമായി പ്രിയങ്ക നിരന്തരം ബന്ധപ്പെട്ടാണ് സർക്കാരിനെ കരകയറ്റിയത്.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി തോറ്റതോടെ മറ്റൊരു കോൺഗ്രസ് സർക്കാരും വീഴുമെന്ന സ്ഥിതിയായിരുന്നു. എന്നാൽ, ഹൈക്കമാൻഡ് ചടുലമായി പ്രവർത്തിച്ചു. വിമതനീക്കം ഒഴിവാക്കിയ കോൺഗ്രസ് ഒടുവിൽ സർക്കാരിനെ രക്ഷിച്ചു. മുതിർന്ന നേതാക്കളായ ഭൂപീന്ദർ സിംഗ് ഹൂഡ, ഡി.കെ. ശിവകുമാർ, ഭൂപേഷ് ബാഗേൽ എന്നിവരെ ഉടൻതന്നെ ഹിമാചലിലേക്ക് അയച്ചത് പ്രിയങ്കയുടെ നിർദേശപ്രകാരമായിരുന്നു.
വിമതപ്രവർത്തനം ഒരുതരത്തിലും അംഗീകരിക്കില്ലെന്ന ശക്തമായ സന്ദേശം നിരീക്ഷകർ എംഎൽഎമാർക്കു നല്കി. ഇതോടെ കോൺഗ്രസ് എംഎൽഎമാർ വഴങ്ങി. സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായെല്ലാം പ്രിയങ്ക നിരന്തരം ബന്ധപ്പെട്ട് നിർദേശങ്ങൾ നല്കി.
രണ്ടുദിവസത്തെ അനിശ്ചിതത്തിനൊടുവിൽ സർക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ആറ് എംഎൽഎമാരെ അയോഗ്യരാക്കിയതോടെ തത്കാലം സുഖു സർക്കാരിനു ഭീഷണിയില്ല. യുപിയിൽ സമാജ്വാദി പാർട്ടിയുമായുള്ള സീറ്റ് ചർച്ച വഴിമുട്ടിയപ്പോൾ അഖിലേഷ് യാദവിനെ നേരിട്ട് വിളിച്ച് സഖ്യം യാഥാർഥ്യമാക്കി. 2022ലെ ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിന്റെ മുഖം പ്രിയങ്കയായിരുന്നു.