കവിതയെ തിഹാർ ജയിലിലെത്തി സിബിഐ അറസ്റ്റ് ചെയ്തു
Friday, April 12, 2024 2:08 AM IST
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഇഡി അറസ്റ്റ് ചെയ്തു തിഹാർ ജയിലിൽ കഴിയുന്ന ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവും തെലുങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകളുമായ കെ. കവിതയെ സിബിഐയും അറസ്റ്റ് ചെയ്തു. പ്രത്യേക കോടതിയുടെ അനുമതി ലഭിച്ചതിനെത്തുടർന്ന് സിബിഐ സംഘം കവിതയെ നേരത്തേ ചോദ്യം ചെയ്തിരുന്നു.
കേസിലെ കൂട്ടുപ്രതി ബുച്ചി ബാബുവിന്റെ ഫോണിൽനിന്നു വീണ്ടെടുത്ത വാട്ട്സ്ആപ് ചാറ്റ്, ഭൂമി ഇടപാട്, ആംആദ്മി പാർട്ടിക്കു കൈമാറിയ 100 കോടി രൂപ എന്നിവ സംബന്ധിച്ചായിരുന്നു ശനിയാഴ്ച തിഹാർ ജയിലിലെത്തി കവിതയെ സിബിഐ ചോദ്യം ചെയ്തത്. മദ്യ ലൈസൻസ് ലഭിച്ചതിനെത്തുടർന്ന് കവിതയ്ക്കു ബന്ധമുള്ള സൗത്ത് ഗ്രൂപ്പിൽനിന്ന് ആംആദ്മി പാർട്ടിക്ക് 100 കോടി രൂപ ലഭിച്ചെന്നാണു കേസ്.
ഇതിനിടെ, കേന്ദ്ര ഏജൻസികളുടെ അന്വേഷണം മാധ്യമവിചാരണയാണെന്നും തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും കവിത കോടതിക്ക് അയച്ച കത്തിൽ പറയുന്നു.
പണത്തട്ടിപ്പു കേസിൽ ഇഡി അറസ്റ്റ് ചെയ്ത കവിതയെ ചൊവ്വാഴ്ച കോടതി 14 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടിരുന്നു.