ചൈനയെ നോവിക്കാതെ മോദി; ഇന്ത്യ- ചൈന അതിർത്തി തർക്കം വേഗം പരിഹരിക്കണം
Friday, April 12, 2024 2:08 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ കാലങ്ങളായി തുടരുന്ന സാഹചര്യം അടിയന്തരമായി പരിഹരിച്ചാലേ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാനാകൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായി പ്രതിച്ഛായ വർധിപ്പിക്കാൻ ലക്ഷ്യമിട്ടു മോദി നൽകിവരുന്ന അഭിമുഖങ്ങളുടെ തുടർച്ചയായി അമേരിക്കയിൽനിന്നുള്ള ന്യൂസ് വീക്ക് മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് മോദിയുടെ പ്രതികരണം.
ചൈനയുമായുള്ള ബന്ധം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. അതിർത്തിയിൽ ഏറെക്കാലമായി നീണ്ടുനിൽക്കുന്ന സാഹചര്യം അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്നാണ് തന്റെ വിശ്വാസം. ഉഭയകക്ഷി ഇടപെടലുകളിലെ അസാധാരണത്വം അതുവഴി ഒഴിവാക്കാനാകും.
നയതന്ത്ര, സൈനിക തലങ്ങളിലെ ക്രിയാത്മക ഇടപെടലിലൂടെ അതിർത്തികളിൽ സമാധാനം പുനഃസ്ഥാപിക്കാനും നിലനിർത്താനും കഴിയുമെന്നു പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള സുസ്ഥിരവും സമാധാനപരവുമായ ബന്ധം മേഖലയ്ക്കാകെയും ലോകത്തിനും പ്രധാനമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വിതരണശൃംഖലകൾ വൈവിധ്യവത്കരിക്കാൻ ആഗ്രഹിക്കുന്ന ആഗോള ബിസിനസുകൾക്ക് ഇന്ത്യയിൽ വലിയ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ലോക ജനസംഖ്യയുടെ ആറിലൊന്ന് വരുന്ന ഇന്ത്യ ആഗോള നിലവാരത്തിലേക്കു കുതിക്കുകയാണ്.
ചരക്കുസേവന നികുതി (ജിഎസ്ടി), കോർപറേറ്റ് നികുതി കുറയ്ക്കൽ, പാപ്പരത്ത കോഡ്, തൊഴിൽനിയമ പരിഷ്കാരങ്ങൾ തുടങ്ങിയ സുപ്രധാന പരിഷ്കാരങ്ങൾ ഇന്ത്യ നടപ്പാക്കി. ഇന്ത്യയിൽ ബിസിനസ് ചെയ്യാൻ എളുപ്പമാക്കുന്ന നടപടികളാണിതെന്നും മോദി വിശദീകരിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ വാക്കുകൾ ശ്രദ്ധിച്ചതായി പിന്നീട് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് അറിയിച്ചു. സുസ്ഥിരമായ ചൈന- ഇന്ത്യ ബന്ധം ഇരുപക്ഷത്തിന്റെയും പൊതുതാത്പര്യങ്ങൾ നിറവേറ്റും. മേഖലയുടെയും അതിനപ്പുറവും സമാധാനത്തിനും വികസനത്തിനും ഉതകുന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധമെന്നു വിശ്വസിക്കുന്നുവെന്ന് മാവോ നിംഗ് കൂട്ടിച്ചേർത്തു.