യുവാക്കൾക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കും: രാഹുൽ ഗാന്ധി
Saturday, April 13, 2024 1:52 AM IST
ചെന്നൈ: ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ യുവാക്കൾക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ബിരുദധാരികളായ ചെറുപ്പക്കാർക്ക് തൊഴിൽ പരിശീലനം ഉറപ്പാക്കാൻ നിയമനിർമാണം നടത്തും.
സർക്കാർ സർവീസിൽ 30 ലക്ഷം ഒഴിവുകൾ നിലവിലുണ്ട്. ഇതു നികത്തുമെന്നും രാഹുൽ വാഗ്ദാനം ചെയ്തു. തമിഴ്നാട്ടിലെ തിരുനൽവേലിയിൽ തെരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി അധികാരത്തിലെത്തിയാൽ ഭരണഘടന തിരുത്തിയെഴുതും.
കാവി പാർട്ടിയുടെ എംപിമാർ ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
രാജ്യം പ്രത്യയശാസ്ത്ര പോരാട്ടത്തെ അഭിമുഖീകരിക്കുകയാണ്. പെരിയാർ ഇ.വി. രാമസ്വാമിയെപ്പോലുള്ളവർ മുന്നോട്ടുവച്ച സാമൂഹ്യനീതി, സ്വാതന്ത്ര്യം, തുല്യത എന്നിവയും ആർഎസ്എസും മോദിയും മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്രവും തമ്മിലുള്ള ഏറ്റുമുട്ടലാണ് രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്നത്.
സാമൂഹികനീതിയുടെ പാതയിൽ എങ്ങനെ നടക്കണമെന്ന് രാജ്യത്തെ ബാക്കിയുള്ള ജനതയ്ക്കു കാണിച്ചുകൊടുത്ത നാടാണ് തമിഴ്നാട്.
അതിനാലാണ്, ഭാരത് ജോഡോ യാത്ര നടത്താൻ കോൺഗ്രസ് പാർട്ടി തീരുമാനിച്ചപ്പോൾ അത് തമിഴ്നാട്ടിൽനിന്ന് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.